ഇതര സംസ്ഥാന ലോട്ടറി കേരളത്തില്‍ കൊണ്ടുവരാമെന്ന് ആരും കരുതണ്ട: ജിഎസ്ടി ഏകീകരിച്ചതിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യം തള്ളി ജിഎസ്ടി കൗണ്‍സില്‍, ലോട്ടറി ജിഎസ്ടി ഏകീകരിച്ചതിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ജിഎസ്ടി ഏകീകരിച്ചതോടെ കേരളത്തില്‍ ഇതര സംസ്ഥാന ലോട്ടറി മാഫിയക്ക് വരാമെന്ന് കരുതേണ്ടെന്ന് തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘നിയമ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഇതര സംസ്ഥാന ലോട്ടറി കേരളത്തില്‍ കൊണ്ട് വരാം എന്ന് ആരും കരുതണ്ട,’ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടി എന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചിരുന്നില്ല. വോട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ തീരുമാനം എടുത്തത്.
പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. പശ്ചിമ ബംഗാള്‍, പുതുച്ചേരി, ഡല്‍ഹി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവര്‍ എതിര്‍ത്തു. കൗണ്‍സിലില്‍ 17 വോട്ട് കേന്ദ്രത്തിന് അനുകൂലമായപ്പോള്‍ എതിര്‍ത്ത് രേഖപ്പെടുത്തിയത് വെറും ഏഴ് വോട്ട് മാത്രമാണ്.

പുതിയ നികുതി മാര്‍ച്ച് 1 മുതല്‍ നിലവില്‍ വരും. എന്നാല്‍ ലോട്ടറി വില വര്‍ദ്ധിപ്പിക്കില്ല. വില്‍ക്കുന്ന ലോട്ടറിയുടെ എണ്ണം കൂട്ടുന്നതിനേ പറ്റി ആലോചിക്കും. കേരള ലോട്ടറിയുടെ സീകാര്യത കുറയില്ല. കൂടുതല്‍ ആളുകള്‍ ലോട്ടറി എടുത്ത് ഒപ്പം നില്‍ക്കും എന്ന് വിശ്വസിക്കുന്നുവെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ജിഎസ്ടി നഷ്ടപരിഹാരം ഒക്ടോബര്‍ വരെയുള്ളതാണ് കേന്ദ്രം തന്നത്. ഡിസംബര്‍ വരെയുള്ളത് തരുന്ന കാര്യത്തില്‍ ഉറപ്പ് തന്നില്ല. നികുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലുള്ള നിബന്ധനകള്‍ കേന്ദ്രം തീരുമാനിക്കും എന്ന നിലപാടാണ്. അവശ്യ സാധനങ്ങളുടെ അഞ്ച് ശതമാനം നികുതി വര്‍ധിപ്പിക്കാന്‍ കേരളം തയ്യാറല്ല. ആഡംബര സാധനങ്ങളുടെ നികുതി കുറച്ചതിന്റെ ഫലം ആണ് കേന്ദ്രം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Exit mobile version