‘പൃഥ്വിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കരുത്, വിവാദം ഉണ്ടാക്കാന്‍ പഴുത് കണ്ടെത്തി വരികയാണിവര്‍’; ശോഭാ സുരേന്ദ്രന് കിടിലന്‍ മറുപടി നല്‍കി മാലാ പാര്‍വതി

ഇവര്‍ വിവാദം ഉണ്ടാക്കാന്‍ പഴുത് കണ്ടെത്തി വരികയാണെന്നും ഇവരുടെ ലക്ഷ്യം ദുല്‍ഖര്‍ ആവുമെന്നും മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു

തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ പിന്തുണച്ച് കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ പിന്തുണച്ച പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയണമെന്ന് പറഞ്ഞ് ശോഭാ സുരേന്ദ്രനും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ശോഭാ സുരേന്ദ്രന് കിടിലന്‍ മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി.

പൃഥ്വിരാജ് ഈ മണ്ടന്‍ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കരുത് എന്നാണ് മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്. ഇവര്‍ വിവാദം ഉണ്ടാക്കാന്‍ പഴുത് കണ്ടെത്തി വരികയാണെന്നും ഇവരുടെ ലക്ഷ്യം ദുല്‍ഖര്‍ ആവുമെന്നും മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘നിങ്ങള്‍ ആരുടെ പക്ഷത്താണ്? ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കൊപ്പമോ, അതോ നിയമവിധേയ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനൊപ്പമോ?നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ? നിങ്ങള്‍ പാര്‍ലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യന്‍ പൗരര്‍ക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്‍കിയ ഉറപ്പിനു വില കല്‍പിക്കാത്ത അരാജകവാദികള്‍ക്കൊപ്പമോ?’

ശോഭ സുരേന്ദ്രന്‍ പൃഥ്വിയോട്: ചോദിക്കുന്ന ചോദ്യങ്ങളില്‍ ചിലതാണ്. വായിച്ച് കൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു സംശയം?’അനധികൃതമായി താമസിക്കുന്നവരും നിയമവിധേയരായ അഭയാര്‍ത്ഥികളും’ ഇത് ആര് തീരുമാനിക്കുന്നു? എന്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നു?കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നവര്‍ നിയമ വിധേയര്‍, അല്ലാത്തവര്‍ അനധികൃത കുടിയേറ്റക്കാര്‍. അതിന്റെ അടിസ്ഥാനമാകട്ടെ മതവും.

അത് തന്നെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു എന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും.പിന്നെ ഇവിടെ താമസിക്കുന്ന ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഭയക്കണ്ട എന്ന ഔദാര്യം നിങ്ങളെ പോലുള്ളവര്‍ക്ക് ബോധിക്കുമായിരിക്കും. ഞങ്ങളെ പോലെയുള്ള മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദഹിക്കില്ല. പൃഥിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദം ഉണ്ടാക്കാന്‍ പഴുത് കണ്ടെത്തി വരുകയാ. ലക്ഷ്യം ദുല്‍ഖര്‍ ആവും. പൃഥ്വിയില്‍ തുടങ്ങുന്നു എന്നേ ഒള്ളു.

Exit mobile version