‘എങ്ങനെയാണ് ഇത്രയും മനോഹരമായ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ തോന്നിയത്’? മലയാളികളെ നാണംകെടുത്തി വിദേശി യുവാവ്, വീഡിയോ

കോഴിക്കോട്: ‘ദൈവത്തിന്റെ സ്വന്തം നാട്’കാണാനെത്തിയ വിദേശിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയ വിദേശി യുവാവ് ചൂണ്ടികാണിക്കുന്നത് കേരളത്തിലെ മാലിന്യ പ്രശ്‌നമാണ്. മാലിന്യപ്രശ്‌നം വിനോദസഞ്ചാര മേഖലയെ സാരമായി ബാധിക്കുന്നെന്നാണ് യുവാവ് ശ്രദ്ധയില്‍പ്പെടുത്തുന്നത്.

അമേരിക്കന്‍ സ്വദേശിയായ വ്‌ളോഗര്‍ നിക്കോളായിയാണ് വയനാട്ടിലെ വ്യൂ പോയിന്റിലെ മാലിന്യ പ്രശ്‌നം വീഡിയോയിലൂടെ പങ്കുവച്ചത്.

”നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ തോന്നിയത്? ഈ സ്വര്‍ഗത്തില്‍ സൂര്യാസ്തമനം കാണാന്‍ എത്തുവരുടെ മനസ് മടുപ്പിക്കുന്ന കാഴ്ചയാണിത്’- നിക്കോളായിയുടെ ചോദ്യമാണിത്.

കുറമ്പാലക്കോട്ടയിലെയും വയനാട് ചുരം വ്യൂ പോയിന്റിലെ മാലിന്യങ്ങള്‍ ചൂണ്ടികാണിച്ചാണ് നിക്കോളായി ചോദിക്കുന്നത്. നിമിഷനേരം കൊണ്ടാണ് നിക്കോളായിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുകയാണ് നിക്കോളായിയുടെ ചോദ്യം.

ഇത്രയും സൗന്ദര്യമുള്ള പ്രദേശത്തേക്ക് പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചെറിയാനും മാലിന്യം കത്തിക്കാനും എങ്ങനെ തോന്നുന്നുവെന്ന് നിക്കോളായി ചോദിക്കുന്നു. വിനോദസഞ്ചാരികളും മൃഗങ്ങളും ഒരുപോലെ എത്തുന്ന പ്രകൃതി രമണീയമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തി പാടില്ലായിരുന്നുവെന്നും ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കരുതെന്നും നിക്കോളായി പറയുന്നു.

Exit mobile version