ഫാസ്ടാഗ് ജനുവരി 15 മുതല്‍ നിര്‍ബന്ധം; ഗതാഗതക്കുരുക്ക് കാരണം സമയപരിധി നീട്ടി

തൃശ്ശൂര്‍: രാജ്യത്തെ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നാളെ മുതല്‍ നടപ്പാക്കില്ല. ഫാസ്ടാഗ് നിര്‍ബന്ധമാക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി.

നിലവില്‍ 75 ശതമാനം വാഹനങ്ങള്‍ ഇനിയും ഫാസ്ടാഗിലേക്ക് മാറാനുണ്ട്.അതുകൊണ്ടുതന്നെ ഈ സംവിധാനം നടപ്പാക്കിയാല്‍ വന്‍ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് സമയപരിധി നീട്ടിയത്.

ഡിസംബര്‍ ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. പിന്നീടത് ഡിസംബര്‍ 15ലേക്ക് മാറ്റി. ഈ സമയപരിധിയാണ് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയത്.

ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎല്‍) നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ പദ്ധതിയുടെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ ടോള്‍ പിരിവ് സംവിധാനം ആണ് ഫാസ്ടാഗ്.

ഫാസ്ടാഗ് ഒരു പാസീവ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) ആണ്. ഇതില്‍ മുന്‍ നിശ്ചയിക്കപ്പെട്ട ഒരു വണ്‍ ടൈം പ്രോഗ്രാമബിള്‍ കോഡ് പ്രോഗ്രാം ചെയ്ത് കയറ്റിയിട്ടുണ്ടായിരിക്കും.

എച്ച്ഡിഎഫ്സി, ഐസിഐസിഐ, പിഎന്‍ബി, എസ്ബിഐ, കൊട്ടക് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകള്‍ വഴിയും നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ നല്‍കി ഫാസ്ടാഗ് വാങ്ങാന്‍ കഴിയുന്നതാണ്.

Exit mobile version