സ്ത്രീകള്‍ക്കെതിരായ അക്രമം തടയാന്‍ ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച ‘ദിശ’ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും നടപ്പിലാക്കും; മന്ത്രി കെകെ ശൈലജ

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച ‘ദിശ’ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സംസ്ഥാനത്ത് നിയമമുണ്ട്. നിലവില്‍ കേരളത്തില്‍ നിയമത്തിന്റെ അഭാവം ഇല്ല. അത് നടപ്പാക്കുന്നതിലാണ് നീതിപീഠങ്ങള്‍ക്ക് അടക്കം വീഴ്ച സംഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവിലുള്ള നിയമങ്ങള്‍ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാന്‍ തയ്യാറായാല്‍ തന്നെ കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതെസമയം ആവശ്യമെങ്കില്‍ ആന്ധ്ര മോഡല്‍ നിയമം കേരളത്തിലും നടപ്പിലാക്കുമെന്നും, നിയമം പഠിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനുളള ‘ദിശ’ നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് നിയമം. ഹൈദരാബാദ്, ഉന്നാവ് കേസുകളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ചക്കുളളില്‍ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കും. സാമൂഹ്യമാധ്യങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷമാണ് തടവ്. പോക്‌സോ കേസുകളില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. നിലവില്‍ ഇത് മൂന്ന് വര്‍ഷമാണ്.

Exit mobile version