പെൻസിൽ സഹപാഠി തിരികെ നൽകിയില്ല;തർക്കത്തിൽ നീതി തേടി കുരുന്നുകൾ പോലീസ് സ്‌റ്റേഷനിലേക്ക്; വൈറലായി വീഡിയോ

ഹൈദരാബാദ്: സഹപാഠി പെൻസിൽ തിരിച്ചുനൽകുന്നില്ലെന്ന തർക്കത്തിൽ നീതി തേടി പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾ പോലീസ് സ്‌റ്റേഷനിൽ. ആന്ധ്രപ്രദേശിലെ കുർണൂലിലാണ് രസകരമായ സംഭവം നടന്നത്. പെൻസിൽ കാണാതായതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ പരാതി നൽകാൻ കുട്ടികൾ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.

സ്‌റ്റേഷനിൽ പരാതിയുമായി എത്തിയ വിദ്യാർത്ഥികളുടെ വീഡിയോ ആന്ധ്ര പ്രദേശ് പോലീസ് ട്വിറ്ററിൽ പങ്കുവെച്ചു. പെഡകടുബുരു പോലീസ് സ്‌റ്റേഷനിലാണ് വിദ്യാർത്ഥികൾ പരാതി പറയാനെത്തിയത്. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾ പോലും ആന്ധ്രപ്രദേശ് പോലീസിനെ വിശ്വസിക്കുന്നുവെന്നാണ് ഈ വീഡിയോയ്ക്ക് തലക്കെട്ടായി നൽകിയിരിക്കുന്നത്.

സഹപാഠി പെൻസിൽ വാങ്ങിയ ശേഷം തിരികെ നൽകിയില്ലെന്ന് ഒരു വിദ്യാർത്ഥി പറയുന്നത് വിഡിയോയിൽ കാണാം. രണ്ടു പോലീസുകാർ സംഭവത്തിൽ ഇടപെട്ട ശേഷം പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. പെൻസിൽ മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഒരു കുട്ടിയുടെ ആവശ്യം. ഇരുവരുടെയും പിറകിൽ പ്രശ്‌ന പരിഹാരത്തിനായി സ്‌റ്റേഷനിലെത്തിയ മറ്റു കുട്ടികളെയും കാണാം.

വീഡിയോയുടെ അവസാനം പ്രശ്‌നം ഒത്തുതീർപ്പാക്കിയ ശേഷം കൈകൊടുക്കുന്നതും കാണാം. കുട്ടികൾ പോലീസ് സ്‌റ്റേഷനിൽ പരാതി പറയാനെത്തിയ വീഡിയോ നിരവധിപേരാണ് കണ്ടത്.

Exit mobile version