വനപ്രദേശത്തെ വാറ്റുകേന്ദ്രത്തില്‍ റെയ്ഡ്; എക്‌സൈസ് സംഘം പിടിച്ചെടുത്തത് 530 ലിറ്റര്‍ വാഷ്

കോഴിക്കോട്: താമരശ്ശേരി എക്‌സൈസ് സംഘം കാന്തലാട് തെങ്ങിന്‍കുന്ന് ഭാഗത്ത് വനപ്രദേശത്തെ വാറ്റുകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 530 ലിറ്റര്‍ വാഷ് പിടികൂടി. പിടിച്ചെടുത്ത വാറ്റ് എക്‌സൈസ് സംഘം നശിപ്പിച്ചു. കാന്തലാട് തെങ്ങിന്‍കുന്ന് ഭാഗത്ത് വ്യാജ വാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 530 ലിറ്റര്‍ വാഷ് പിടികൂടിയത്.

വനഭൂമിയിലെ ജെണ്ടക്ക് സമീപം വലിയ ടാര്‍ വീപ്പകളിലും പ്ലാസ്റ്റിക് വീപ്പകളിലുമാണ് വന്‍തോതില്‍ ചാരായം വാറ്റിയിരുന്നത്. അതേസമയം എക്സൈസ് സംഘം വനപ്രദേശത്തെ വാറ്റുകേന്ദ്രത്തില്‍ എത്തിയപ്പോഴേക്കും വാറ്റുകാര്‍ രക്ഷപ്പെട്ടിരുന്നു.

സംഭവത്തില്‍ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ പികെ അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസാദ്, വിവേക്, ശ്രീരാജ്, പിജെ മനോജ്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

Exit mobile version