പാലാരിവട്ടത്ത് യുവാവിന്റെ അപകട മരണം; പരസ്പരം പഴിചാരി വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും

കൊച്ചി; പാലാരിവട്ടത്ത് യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ പരസ്പരം പഴിചാരി വാട്ടര്‍ അതോററ്റിയും പൊതുമരാമത്ത് വകുപ്പും. പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി സെപ്തംബറില്‍ തേടിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് വാട്ടര്‍ അതോറിറ്റി. എന്നാല്‍ മഴക്കാലമായതിനാലാണ് അനുതമതി നല്‍കാതിരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ്.

കുടിവെള്ള പൈപ്പ് നന്നാക്കാനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി അടക്കാത്തതാണ് അപകടത്തിന് കാരണമായത്. എന്നാല്‍ പൈപ്പ് ലൈനിലെ ചോര്‍ച്ച അടക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിനോട് അനുമതി തേടിയിരുന്നതായാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്.

മഴക്കാലമായതിനാലാണ് അനുമതി നല്‍കാതിരുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. പിന്നീട് കുഴിയുടെ അപകട സാധ്യത ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തര നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടതായും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് ലോറി കയറി കൂനമ്മാവ് സ്വദേശി യദുലാല്‍ (23)മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറി ഇറങ്ങി. സംഭവസ്ഥലത്തുവെച്ചു തന്നെ യദുലാല്‍ മരിച്ചു.

Exit mobile version