ഷീറ്റുകെട്ടിയ വീട്ടിൽ കഴിയുന്ന കൂട്ടുകാരന് അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് നൽകാൻ കഴുത്തിലെ സ്വർണ്ണമാല ഊരി നൽകി ഹൈറുൻ ഹിബ; പൊന്നിനേക്കാൾ തിളങ്ങിയ മനസിനെ ആദരിച്ച് സ്‌കൂൾ

എല്ലാവരും അവനവന് കഴിയുന്ന കുഞ്ഞ് സമ്പാദ്യങ്ങൾ ഈ ഫണ്ടിലേക്ക് നൽകിയപ്പോൾ

കൊളത്തൂർ: എല്ലാവരും അടച്ചുറപ്പുള്ള വീട്ടിൽ നിന്നും സ്‌കൂളിലേക്ക് എത്തുമ്പോൾ ഷീറ്റ് കെട്ടിയ കൂരയിൽ കഴിയുന്ന അരുൺ പ്രകാശ് സ്‌കൂളിന് തന്നെ നൊമ്പരമായപ്പോഴാണ് ഒരു വീട് നിർമ്മിച്ച് നൽകാൻ എല്ലാവിദ്യാർത്ഥികളും ചേർന്ന് തീരുമാനിച്ചത്. ‘അവൻ നമ്മുടെ ചങ്ങാതിയാണ്. ഷീറ്റുകെട്ടിയ കൂരയിൽ കഴിയുന്ന അവന് നല്ലൊരു വീടുപണിയണം..’, ഇതായിരുന്നു കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് സ്‌കീം വിദ്യാർത്ഥികൾ അധ്യാപകരുടെ പിന്തുണയോടെ എടുത്ത തീരുമാനം. എല്ലാവരും അവനവന് കഴിയുന്ന കുഞ്ഞ് സമ്പാദ്യങ്ങൾ ഈ ഫണ്ടിലേക്ക് നൽകിയപ്പോൾ കൈയ്യിൽ പണമൊന്നും ഇല്ലാതിരുന്നതോടെ അതേ സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഹൈറുൻ ഹിബ കൂടുതലൊന്നും ആലോചിക്കാതെ കഴുത്തിലണിഞ്ഞിരുന്ന ഒരുപവന്റെ സ്വർണ്ണമാല ഊരിനൽകുകയായിരുന്നു.

സ്‌കൂളിന് തന്നെ വിസ്മയമായ ഈ പ്രവർത്തിയിലൂടെ അണിഞ്ഞ പൊന്നിനേക്കാൾ തിളങ്ങുകയായിരുന്നു അപ്പോൾ ഹിബയുടെ മനസ്. കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്വൺ കൊമേഴ്‌സ് വിദ്യാർത്ഥിനിയാണ് ഹിബ. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് വിപി മുഹമ്മദ് ഹനീഫയുടെയും രാമപുരം വിളക്കത്തിൽ ഹസീനയുടെയും മകളായ ഹിബ സ്‌കൂളിലെ മികച്ച എൻഎസ്എസ് വൊളന്റിയർ കൂടിയാണ്. ഹിബയുടെ സ്‌കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥിനിയിലെ സന്മനസിനെ അനുമോദിച്ചു.

ഇതേസ്‌കൂളിലെ അരുൺപ്രകാശിന് വീടൊരുക്കാനാണ് ഹിബ മാല ഊരി നൽകിയതും. വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയപ്പോൾ ഒരു നാടാകെ ഒപ്പം ചേർന്നാണ് പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ താത്കാലിക വീട്ടിൽ കഴിയുന്ന അരുണിന് അടച്ചുറപ്പുള്ള വീടൊരുക്കുന്നത്. സമ്മാനക്കൂപ്പണുകളിലൂടെയും സുമനസ്സുകളുടെ സംഭാവനകളിലൂടെയുമാണ് നിർധന കുടുംബത്തിന് വീട് നിർമ്മാണത്തിനുള്ള തുക കണ്ടെത്തുന്നത്. അരുൺ പ്രകാശിന്റെ പിതാവ് കൊളത്തൂർ പടിഞ്ഞാറെകുളമ്പ് കളരിക്കൽ ജയപ്രകാശ് കഴിഞ്ഞ അഞ്ചുവർഷമായി രോഗബാധിതനായി കിടപ്പിലാണ്. രോഗബാധിതയായ അമ്മ ആനന്ദവല്ലി കൊളത്തൂർ മാവേലിസ്റ്റോറിലെ താത്കാലിക ജീവനക്കാരിയും സഹോദരൻ അർജുൻപ്രകാശ് പത്താംതരം വിദ്യാർത്ഥിയുമാണ്.

ഈ കുടുംബം ഒരു വ്യക്തിയുടെ മാത്രം തുച്ഛമായ വരുമാനംകൊണ്ട് ചികിത്സയും മറ്റു ചെലവുകളും തന്നെ കണ്ടെത്താനാകാത്ത അവസ്ഥയിലാണ്. അഞ്ചുവർഷം മുൻപ് വീടിന് തറയിട്ടെങ്കിലും മറ്റൊന്നിനും പിന്നീട് സാധിച്ചില്ല. ഇതോടെ പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് വലിച്ചുകെട്ടിയുണ്ടാക്കിയ വീട്ടിലാണ് ഇവരുടെ താമസം. വൈദ്യുതിവെട്ടം പോലുമില്ലാതെയാണ് കുട്ടികൾ പഠിക്കുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചെണ്ട തായമ്പകയിൽ അരുൺ പ്രകാശിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൂന്നാമത് വീടിനാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കൂമുള്ളികളം ആദിത്യന്റെ കുടുംബത്തിനുള്ള വീടുനിർമ്മാണവും പുരോഗമിക്കുകയാണ്.

Exit mobile version