മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം: എസ്‍പി ദീപക് രാജിവെച്ചു

തിരുവനന്തപുരം: കൈതമുക്കില്‍ പട്ടിണി കാരണം അമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം വിവാദമായതോടെ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്‍പി ദീപക് രാജിവെച്ചു. സംഭവത്തില്‍ സിപിഎം വിശദീകരണം തേടിയതിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണ് ദീപക്ക് രാജിക്കത്ത് കൈമാറിയത്.

ഇന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ദീപക് വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. കുട്ടികള്‍ മണ്ണു തിന്നെന്ന റിപ്പോര്‍ട്ടില്‍ വീഴ്ച പറ്റിയതായാണ് ദീപക് പറഞ്ഞത്. കൗണ്‍സിലര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കുട്ടികള്‍ മണ്ണ് തിന്നതായി പറഞ്ഞത്.

പട്ടിണിയെ തുടര്‍ന്ന് കുട്ടികള്‍ മണ്ണ് തിന്നെന്നും തുടര്‍ന്ന് അമ്മ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്നുമായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്നും ഭര്‍ത്താവിന്റെ ഉപദ്രവം കൊണ്ടാണ് കുട്ടികളെ കൈമാറിയതെന്നും അമ്മ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന് ബാലാവകാശ കമ്മീഷനും മണ്ണ് തിന്നത് പട്ടിണിമൂലമല്ല, ശീലം കൊണ്ടാണെന്ന് കുട്ടികളുടെ അമ്മയും തിരുത്തിയിരുന്നു. ഇതോടെയാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ദീപക്കിനോട് വിശദീകരണം തേടിയത്.

Exit mobile version