കൈതമുക്കിലെ കുട്ടികള്‍ മണ്ണ് തിന്നിട്ടില്ല: ബാലാവകാശ കമ്മീഷന്റെ നിലപാട് ശരിവച്ച് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: പട്ടിണിയകറ്റാന്‍ നിവൃത്തിയില്ലാതെ അമ്മ മക്കളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്റെ നിലപാട് ശരിവച്ച് ശിശുക്ഷേമ സമിതി. കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്പി ദീപക് അറിയിച്ചു.

ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലുകളാണ് ശരിയെന്നും ഏറ്റമുട്ടലിന് ഇല്ലെന്നും ദീപക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി വരുന്നതിനിടെയാണ് പുതിയ വിശദീകരണവുമായി ദീപക് വാര്‍ത്താക്കുറിപ്പിറക്കിയത്

.മാധ്യമവാര്‍ത്തകളുടെ അടിസ്ഥനത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
കുട്ടികള്‍ക്ക് മണ്ണ് തിന്ന് വിശപ്പടക്കേണ്ട സാഹചര്യം ഇല്ലെന്ന് ബോധ്യപ്പെട്ടതായി കമ്മിഷന്‍ ചെയര്‍മാന്‍ പി സുരേഷ്, അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, ഡോ. എംപി ആന്റണി എന്നിവര്‍ നിരീക്ഷിച്ചു.

കുട്ടികള്‍ പട്ടിണി മാറ്റാന്‍ മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലിലായിരുന്നു ശിശുക്ഷേമ സമിതി. എന്നാല്‍ കുട്ടികള്‍ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേള്‍വി മാത്രമാണെന്നും സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്റെ വാദം. കുട്ടികള്‍ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതിയില്‍ എഴുതിച്ചേര്‍ത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങി, ശിശുക്ഷേമ സമിതി തെറ്റായ മൊഴിയുണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു.

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പുറമ്പോക്ക് ഭൂമിയില്‍ കുടുംബം താമസിച്ചിരുന്നതെങ്കിലും ഒറ്റമുറി കുടിലില്‍ കണ്ട പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്തു വച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ചെയര്‍മാന്‍ വ്യക്തമാക്കി. ജീവിതസാഹചര്യം മോശമാണെങ്കിലും ഭക്ഷണത്തിന് കുറവുണ്ടായിട്ടില്ലെന്ന് കുട്ടികളുടെ അമ്മയും അമ്മൂമ്മയും അയല്‍വാസികളും കമ്മിഷന് മൊഴി നല്‍കിയിരുന്നു.

Exit mobile version