എറണാകുളത്ത് വാഹന പരിശോധന ശക്തം; നിയമം ലംഘിക്കുന്നവരെ പിടികൂടാനായി റോഡിലിറങ്ങിയത് 25 സ്‌ക്വാഡുകള്‍

യാത്രക്കാര്‍ ഗതാഗത നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് പരിശോധന

കൊച്ചി: എറണാകുളം ജില്ലയില്‍ വാഹന പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം പെരുമ്പാവൂര്‍ മേഖലകളിലായി മോട്ടോര്‍ വാഹന വകുപ്പിന്റെ 25 സ്‌ക്വാഡുകള്‍ ആണ് വാഹന പരിശോധനയ്ക്ക് ഇറങ്ങിയത്. യാത്രക്കാര്‍ ഗതാഗത നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് പരിശോധന.

എറണാകുളത്തിന് പുറമേ കോട്ടയം ഇടുക്കി ജില്ലകളില്‍ നിന്നുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ വാഹനം ഓടിക്കുന്നവരും നിയമലംഘനം നടത്തിയവരും തുടങ്ങി നിരവധി പേര്‍ പിടിയിലായി. ചെറിയ തോതില്‍ നിയമം ലംഘിച്ചവര്‍ക്ക് ബോധവത്കരണം നല്‍കിയപ്പോള്‍ ഗൗരവമേറിയ നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തി.

പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ കേസെടുക്കുമെന്നും വരും ദിവസങ്ങളിലും ഇത്തരത്തില്‍ വ്യാപക പരിശോധനകള്‍ നടത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അടുത്ത മാസത്തെ റോഡ് സുരക്ഷാ വാരാചരണത്തിന് മുന്നോടിയായി വാഹന യാത്രക്കാര്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് പരിശോധന.

Exit mobile version