ഹെല്‍മറ്റ് ധരിക്കൂ.. ഒരുകിലോ തക്കാളി സമ്മാനമായി നേടൂ: നിയമം പാലിക്കുന്നവര്‍ക്ക് സമ്മാനവുമായി ട്രാഫിക് പോലീസ്

തഞ്ചാവൂര്‍: ഹെല്‍മറ്റ് ധരിച്ച് ട്രാഫിക് നിയമം പാലിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഒരുകിലോ തക്കാളി സമ്മാനം. തമിഴ്‌നാട് തഞ്ചാവൂരിലാണ് ബോധവത്കരണത്തിന്റെ ഭാഗമായി ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്ക് വിലകൂടിയ സമ്മാനം. ട്രാഫിക് ഇന്‍സ്‌പെക്ടര്‍ രവിചന്ദ്രന്റെ വകയാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം. തമിഴ്‌നാട്ടില്‍ തക്കാളി വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.

രാജ്യത്ത് ഒന്നടങ്കം തക്കാളി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്. ഒരാഴ്ച മുമ്പ് 40 രൂപ മുതല്‍ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില.

ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം. മെയ് മാസത്തില്‍ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിന്റെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു.

ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും തക്കാളി ഉത്പാദനം കുറഞ്ഞിരുന്നു. ഇപ്പോള്‍ ബംഗളുരുവില്‍ നിന്നാണ് പല സംസ്ഥാനങ്ങള്‍ക്കും തക്കാളി ലഭിക്കുന്നത്. കഴിഞ്ഞ മഴയില്‍ നിലത്ത് പടര്‍ത്തിയിരുന്ന തക്കാളിച്ചെടികള്‍ നശിച്ചു. പകരം താങ്ങു കൊടുത്ത് ലംബമായി വളരുന്ന ചെടികള്‍ മാത്രം അതിജീവിച്ചു എന്ന് കര്‍ഷകര്‍ പറയുന്നത്.

തക്കാളിയുടെ വില മെയ് മാസത്തില്‍ കുറഞ്ഞത് കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കാന്‍ മതിയായ ഘടകവുമായി മാറിയിരുന്നു. ഇതും മോശമായ ഉല്‍പാദനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഉദാഹരണത്തിന് വില ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ കീടനാശിനികള്‍ തളിക്കുകയോ വളങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തില്ല. ഇത് കീടങ്ങളുടെയും രോഗത്തിന്റെയും വര്‍ദ്ധനവിന് കാരണമാവുകയും ഉത്പാദനം കുറയുകയും ചെയ്തു.

Exit mobile version