നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ച് സർവീസ് നടത്തി; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് തൃശ്ശൂർ ട്രാഫിക് പോലീസ്

തൃശ്ശൂർ: സ്വകാര്യ ബസിൽ നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ട്രാഫിക് പോലീസ്. തൃശൂർ- കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസിലാണ് നിരോധിത പോൺസൈറ്റിന്റെ എബ്ലം വലുതായി പതിപ്പിച്ചിരുന്നത്. ഈ ബസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശ്ശൂർ ട്രാഫിക് പോലീസാണ് നടപടിയെടുത്തത്.

പോലീസിന് പോൺ സൈറ്റ് സ്റ്റിക്കർ ഒട്ടിച്ചാണ് ബസ് ഓടുന്നത് എന്ന പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബസ് പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് സ്റ്റേഷനിൽ എത്തിക്കാനും ബസ് ഉടമയോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, ബസ് ഹാജരാക്കുമ്പോൾ സ്റ്റിക്കർ നീക്കം ചെയ്യണമെന്ന് പ്രത്യേക നിർദേശവും നൽകിയിരുന്നു. തുടർന്ന് ജീവനക്കാർ തന്നെ സ്റ്റിക്കർ നീക്കം ചെയ്യുകയായിരുന്നു. തങ്ങൾക്ക് ഇത് പോൺ സൈറ്റിന്റെ സ്റ്റിക്കർ ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

ALSO READ- മദ്യലഹരിയില്‍ അച്ഛനെടുത്തെറിഞ്ഞ ഒന്നരവയസ്സുകാരി ആശുപത്രിയില്‍, അപകടനില തരണം ചെയ്തു

ഈ ബസ് കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂർ വർക്ക് ഷോപ്പിൽ കൊണ്ടുപോയിരുന്നുവെന്നും അവിടുത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിൽ പ്രവർത്തി ചെയ്തതെന്നും ജീവനക്കാർ പോലീസിനോട് പറഞ്ഞു.


ഈ വർക്ക് ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ബസിൽ നിരോധിത പോൺ സൈറ്റ് സ്റ്റിക്കറുകൾ പതിച്ചുവെന്നതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇതല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള വകുപ്പുകൾ ചുമത്തണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Exit mobile version