ഉദ്ഘാടന ദിവസം തെരഞ്ഞെടുക്കുന്ന 35 പേര്‍ക്ക് സമ്മാനമായി 500ഗ്രാം വീതം ഉള്ളി; വ്യത്യസ്തമായ ഓഫര്‍ നല്‍കി ഒരു തുണിക്കട

ശനിയാഴ്ച പൂവ്വാട്ടുപറമ്പില്‍ തുറന്ന സുബൈറിന്റെ സാറ ഫാഷന്‍ എന്ന കടയിലാണ് വിചിത്ര ഓഫര്‍ പ്രത്യക്ഷപ്പെട്ടത്

കോഴിക്കോട്: ദിനംപ്രതി കുതിച്ചുയരുന്ന ഉള്ളിവില കണ്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങള്‍ ഒന്നടങ്കം. കിലോയ്ക്ക് 100 രൂപ വരെ കടന്നിരിക്കുന്ന സാഹചര്യത്തില്‍ ഉള്ളി ഒഴിവാക്കി എങ്ങനെ പാചകം തുടരാമെന്ന് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് പലരും. അതിനിടെ മിക്ക ഹോട്ടലുകളും മെനുവില്‍ നിന്നും ഉള്ളി വിഭവങ്ങള്‍ വെട്ടുകയും ചെയ്തു.

ഇത്തരത്തില്‍ കിട്ടാക്കനിയായി ഉള്ളി മാറുമ്പോള്‍ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് ആളെക്കൂട്ടാനായി സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത് ഉള്ളിയാണ്. ശനിയാഴ്ച പൂവ്വാട്ടുപറമ്പില്‍ തുറന്ന സുബൈറിന്റെ സാറ ഫാഷന്‍ എന്ന കടയിലാണ് വിചിത്ര ഓഫര്‍ പ്രത്യക്ഷപ്പെട്ടത്.

കടയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് സവാള സമ്മാനമായി നല്‍കുന്നത്. ചുരിദാര്‍ മെറ്റീരിയില്‍ വില്‍ക്കുന്ന കടയില്‍ ഇക്കാര്യങ്ങള്‍ എഴുതി ഒരു ബോര്‍ഡും വെച്ചിട്ടുണ്ട്. ബോര്ഡ് കണ്ട് ഞായറാഴ്ച പോലും ആളുകള്‍ എത്തിയെന്ന് സുബൈര്‍ പറയുന്നു.

Exit mobile version