‘ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ മലയാളസിനിമയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നമുക്ക് സാധിക്കും’; ഫിലിം മാര്‍ക്കറ്റിനെ കുറിച്ച് എകെ ബാലന്‍

ഡിസംബര്‍ 8 മുതല്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് നടക്കുക

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളസിനിമയ്ക്ക് അന്താരാഷ്ട്ര വിപണന സൗകര്യമൊരുക്കുന്നതിനായി ഫിലിംമാര്‍ക്കറ്റ് ഒരുക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ മലയാളസിനിമയുടെ മാര്‍ക്കറ്റിംഗ് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ റിലീസിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് കടന്നുചെല്ലാനുള്ള അവസരമാണ് ഫിലിം മാര്‍ക്കറ്റിലൂടെ ഒരുക്കിയിട്ടുള്ളത് എന്നാണ് മന്ത്രി എകെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഈ സൗകര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ മലയാളസിനിമയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നമുക്ക് സാധിക്കുമെന്നും അതിനുള്ള ശ്രമമായാണ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 8 മുതല്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് നടക്കുക. 2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2019 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ പൂര്‍ത്തിയായ മലയാള സിനിമകള്‍ക്ക് ഫിലിം മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ സാധിക്കും.

മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഫിലിം മാര്‍ക്കറ്റിന് നാളെ തുടക്കമാകും. പുതിയൊരു ഉദ്യമത്തിന് കൂടി ഐഎഫ്എഫ്‌കെ വേദിയാവുകയാണ്. മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കുന്നതിനായി 24 ാമത് ഐഎഫ്എഫ്‌കെയുടെ ഭാഗമായി ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കും.

അന്താരാഷ്ട്ര തലത്തില്‍ മലയാളസിനിമയുടെ മാര്‍ക്കറ്റിംഗ് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ റിലീസിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് കടന്നുചെല്ലാനുള്ള അവസരമാണ് ഫിലിം മാര്‍ക്കറ്റിലൂടെ ഒരുക്കിയിട്ടുള്ളത്. എല്ലാതരം സിനിമകള്‍ക്കും ലോക മാര്‍ക്കറ്റില്‍ ഇടംനല്‍കുന്ന ഒന്നാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍. ഇതിനകം തന്നെ മലയാളത്തിലിറങ്ങിയ സിനിമകള്‍ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ മലയാളസിനിമയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നമുക്ക് സാധിക്കും. അതിനുള്ള ശ്രമമായാണ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 8 മുതല്‍ 11 വരെയാണ് ഫിലിം മാര്‍ക്കറ്റ് നടക്കുക. ദേശീയ, അന്തര്‍ ദേശീയതലങ്ങളില്‍ സേവനം നടത്തുന്ന ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും സെയില്‍സ് ഏജന്‍സികളും പങ്കെടുക്കും.2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2019 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ പൂര്‍ത്തിയായ മലയാള സിനിമകള്‍ക്ക് ഫിലിം മാര്‍ക്കറ്റില്‍ പങ്കെടുക്കാം. രാജ്യാന്തര ചലച്ചിത്രമേളകളിലും ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും സിനിമകളുടെ പ്രദര്‍ശന, വിപണന സാധ്യതകള്‍ തേടുന്ന മലയാളി ചലച്ചിത്രകാരന്മാര്‍ക്കും ചലച്ചിത്രകാരിികള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംവിധായകര്‍ക്കും മാര്‍ക്കറ്റിംഗ് പ്രതിനിധികള്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കും.

Exit mobile version