ജപ്പാന്‍ -കൊറിയ സന്ദര്‍ശനം വന്‍ വിജയം,കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപമെത്തും; മുഖ്യമന്ത്രി

ജപ്പാനിലെ ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് നല്ല മതിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ജപ്പാന്‍ -കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തോഷിബയുമായി സാങ്കേതിക കൈമാറ്റത്തിന് ധാരണയായതായും അദ്ദേഹം വ്യക്തമാക്കി. ജപ്പാനിലെ ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് നല്ല മതിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. സാങ്കേതിക വിദ്യയിലും അതിലധിഷ്ഠിതമായ വ്യവസായങ്ങളില്‍ ലോകത്തിലെ മുന്‍നിരയിലുള്ള രാജ്യവുമാണ്. ഈ രണ്ട് കാര്യങ്ങളും കേരളത്തിന് ഏറ്റവും അനുയോജ്യമായതാണ്. ഇവ കൂടുതലായി കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനാണ് ശ്രമിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് സന്ദര്‍ശനം ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ യുവജനതയെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു യാത്രയായിരുന്നു ഇതെന്നും യാത്രയിലെ ഓരോ കൂടിക്കാഴ്ചയും യുവാക്കള്‍ക്ക് ഗുണകരമാകുമെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ നൈപുണ്യ വികസനം, അതിലൂടെയുണ്ടാകുന്ന തൊഴിലുകള്‍, ഇത് കേരളത്തിലെ യുവാക്കള്‍ക്ക് ഉറപ്പുവരുത്തുന്ന ഇടപെടലുകള്‍ യാത്രയുടെ സവിശേഷതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിദേശ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ ചെലവ് സര്‍ക്കാരാണോ വഹിച്ചത് എന്ന് ചോദിച്ചപ്പോള്‍, അത്തരത്തിലുള്ള അല്‍പത്തം സര്‍ക്കാര്‍ കാണിക്കില്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. ഒരു യാത്രയിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നും കുടുംബാംഗങ്ങളുടെ ചെലവ് ഒരിക്കലും സര്‍ക്കാര്‍ വഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Exit mobile version