സിനിമാ പ്രേമികള്‍ക്കായി ഇനിയുള്ള എട്ട് നാള്‍ ലോകത്തിന്റെ സമകാലിക ചലച്ചിത്രങ്ങളുടെ വലിയൊരു നിര; ഐഎഫ്എഫ്‌കെയെ കുറിച്ച് എകെ ബാലന്‍

73 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. ഇന്നലെ വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. നടി ശാരദയാണ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയത്. ഇനിയുള്ള എട്ട് നാള്‍ ലോകത്തിന്റെ സമകാലിക ചലച്ചിത്രങ്ങളുടെ വലിയൊരു നിരയാണ് സിനിമാപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് ചലച്ചിത്രമേളയെ കുറിച്ച് മന്ത്രി ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മൂന്ന് തവണ ഉര്‍വശി അവാര്‍ഡ് നേടിയ മലയാളികളുടെ പ്രിയങ്കരിയായ നടി ശാരദയെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ആദരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലൊന്നായി കണക്കാക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 73 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 14 സ്‌ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദര്‍ശനം നടക്കുന്നത്.

മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധിയിലെ സന്ധ്യയില്‍ തിരിതെളിഞ്ഞു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ വിളക്കു കൊളുത്തി. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക അനശ്വര രാജന്‍ മുഖ്യമന്ത്രിക്ക് വിളക്ക് കൈമാറി. ഇനിയുള്ള എട്ട് നാള്‍ ലോകത്തിന്റെ സമകാലിക ചലച്ചിത്രങ്ങളുടെ വലിയൊരു നിരയാണ് സിനിമാപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

90 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന ‘മലയാള സിനിമയുടെ നാള്‍വഴികള്‍’ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ ആദ്യ വാല്യം ഷാജി എന്‍ കരുണിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മൂന്ന് തവണ ഉര്‍വശി അവാര്‍ഡ് നേടിയ മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രീമതി. ശാരദയെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ആദരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലൊന്നായി ഞാന്‍ കണക്കാക്കുന്നു. താന്‍ അഭിനയിച്ച സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ശാരദ നന്ദി പറഞ്ഞു.

ജൂറി അംഗങ്ങളെ മേളയുടെ ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ പരിചയപ്പെടുത്തി. ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ കെ. ശ്രീകുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന് നല്‍കി പ്രകാശനം ചെയ്തു. പ്രതിദിന ബുള്ളറ്റിന്‍ കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാറിന് നല്‍കി വി കെ പ്രശാന്ത് എംഎല്‍എ പ്രകാശനം ചെയ്തു.ചലച്ചിത്ര അക്കാദമിയുടെ മുഖമാസികയായ ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് ഐഎഫ്എഫ്‌കെ ജൂറി ചെയര്‍മാന്‍ ഖൈറി ബെഷാറക്ക് നല്‍കി നടി ഉര്‍വ്വശി ശാരദ പ്രകാശനം ചെയ്തു.

മന്ത്രിമാരായ ശ്രീ. കടകംപള്ളി സുരേന്ദ്രന്‍, ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ. കമല്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്‌കാരിക സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെകട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു.

കേരളത്തിന്റെ യശസ് ഉയര്‍ത്തുന്നതില്‍ ഐഎഫ്എഫ്‌കെ വലിയ പങ്കുവഹിച്ചുവെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കച്ചവട മൂല്യങ്ങളോട് രാജിയാവാതെ സിനിമയെടുക്കാന്‍ മലയാളി സിനിമാ സംവിധായകര്‍ക്ക് ഐഎഫ്എഫ്‌കെ വലിയ പ്രചോദനമാണ്. മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയാണിത്. വന്‍കിട ചലച്ചിത്രമേളകളില്‍ നിന്ന് IFFKയെ വ്യത്യസ്തമാക്കുന്നത് ഈ രാഷ്ട്രീയ ഉള്ളടക്കമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.എട്ട് ദിവസം സമകാലിക ലോക സിനിമയുടെ മികച്ച വിരുന്നാണ് സാംസ്‌കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ഒരുക്കിയിരിക്കുന്നത്. ആസ്വദിക്കുക. മേളക്കെത്തിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

Exit mobile version