മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം:സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ അറസ്റ്റില്‍. പ്രസ് ക്ലബില്‍ നിന്നാണ് പേട്ട പോലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്.

സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ രാധാകൃഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. സിറ്റി പോലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.

ഇയാള്‍ക്കെതിരെ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമസ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാരസംവിധാനം ഉണ്ടോയെന്ന് പരിശോധിക്കുന്നതടക്കം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.

രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം രാധാകൃഷ്ണനെ പത്രപ്രവര്‍ത്തക യൂണിയന്‍ അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങൡ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ വ്യക്തമാക്കി.

ഇതിനിടെ പ്രസ്‌ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയനും രംഗത്തെത്തി. പ്രസ് ക്ലബ് സെക്രട്ടറിയുടെ നടപടി ഞെട്ടലുണ്ടാക്കുന്നതാണെന്ന് യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

യുവതിയുടെ സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്താണ് രാധാകൃഷ്ണനും സംഘവും ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുമായി കഴിയുന്ന മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തത്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു പ്രസ് ക്ലബ് സെക്രട്ടറിയും സംഘവുമെത്തിയത്.

Exit mobile version