പ്രതിഷേധ പ്രകടനത്തില്‍ കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍, ജീവനു തന്നെ ഭീഷണി; ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും സിസ്റ്റര്‍ ലൂസി തുറന്ന് പറഞ്ഞിരുന്നു.

കല്‍പ്പറ്റ: ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകം പുറത്തിറങ്ങുന്ന വേളയില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുര. തനിക്കെതിരായി നടത്തിയ പ്രതിഷേധങ്ങളില്‍ കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് വിളിച്ചതെന്നും അതില്‍ ഭീഷണിയുടെ സ്വരവും ഉണ്ടായിരുന്നുവെന്നും ലൂസി പറയുന്നു. സഭയുടെ പിന്തുണയോടെയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് അവര്‍ താമസിക്കുന്ന വയനാട് കാരയ്ക്കാമല എഫ്സിസി മഠത്തിലേക്ക് ഒരുകൂട്ടം ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്‌. ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം. പ്രതിഷേധ പ്രകടനത്തില്‍ 40ഓളം പേര്‍ പങ്കെടുത്തതായാണ് വിവരം. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന് പേരിട്ട ആത്മകഥയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയിരുന്നു.

മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും സിസ്റ്റര്‍ ലൂസി തുറന്ന് പറഞ്ഞിരുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും ആത്മകഥയില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

Exit mobile version