വലതു കൈയില്‍ മൊബൈല്‍ ഫോണ്‍, ഇടത് കൈയില്‍ സ്റ്റീയറിംഗ്; സ്വകാര്യ ബസില്‍ സാഹസികത കാണിച്ച് ഡ്രൈവര്‍, നിയമനടപടിക്ക് പോലീസും ഗതാഗത വകുപ്പും

കോതമംഗലം-പെരുമ്പാവൂര്‍ റൂട്ടിലാണ് കേസിന് ആസ്പദമായ സംഭവം.

കോതമംഗലം: വലതു കൈയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച്, ഇടത് കൈയില്‍ ബസിന്റെ സ്റ്റിയറിംഗും പിടിച്ച് സാഹസികത കാണിച്ച സ്വകാര്യ ബസിന്റെ ഡ്രൈവറാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായതോടെ ഡ്രൈവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് പോലീസും ഗതാഗത വകുപ്പും.

വലത് കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് സംസാരിച്ചും ഇടതുകൈ വളയത്തിലും പിടിച്ച് ബസ് ഓടിക്കുന്ന ദൃശ്യം യാത്രക്കാരില്‍ ഒരാളാണ് പകര്‍ത്തി പങ്കുവെച്ചത്. കോതമംഗലം-പെരുമ്പാവൂര്‍ റൂട്ടിലാണ് കേസിന് ആസ്പദമായ സംഭവം. അലക്ഷ്യവും അപകടകരവുമായ രീതിയില്‍ സര്‍വീസ് നടത്തിയ ശ്രീലക്ഷ്മി ബസ് ഡ്രൈവര്‍ ചേലാട് കള്ളാട് സനത്തുപറമ്പില്‍ ശ്രീകാന്തിന് (29) എതിരേയാണ് കേസെടുത്തിരിക്കുന്നത്.

കുട്ടികളും സ്ത്രീകളും അടങ്ങുന്ന 50 ഓളം യാത്രക്കാരുടെ ജീവന്‍ കൈയിലിട്ട് അമ്മാനമാടുന്ന തരത്തിലായിരുന്നു ഡ്രൈവറുടെ ഫോണ്‍വിളി. ഇയാള്‍ വലതുകൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് വിരല്‍ കൊണ്ട് നമ്പര്‍ ഡയല്‍ ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വലത് കൈ ചെവിയില്‍ വെച്ച് ഫോണ്‍ വിളിക്കിടെ ഇടയ്ക്ക് ഇടത് കൈ കൊണ്ട് ഗിയര്‍ മാറ്റുന്നുണ്ട്. ഇതിനിടെ യാത്രക്കാരുടെ നേര്‍ക്ക് നോക്കുന്നുമുണ്ട്. ഇത് അതിസാഹസികത എന്ന് തന്നെയാണ് സോഷ്യല്‍മീഡിയയുടെയും പ്രതികരണം. ദൃശ്യം കണ്ട പലരും പോലീസിനേയും മോട്ടോര്‍ വാഹന വകുപ്പ് അധികാരികളേയും ഫോണിലൂടെ അറിയിക്കുകയും വീഡിയോ ദൃശ്യം വാട്‌സ്ആപ്പിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

Exit mobile version