രോഗിയുമായി പോയ ആംബുലന്‍സിന് വഴി മുടക്കിയ സംഭവം; തൃശ്ശൂരില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തൃശ്ശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.

തൃശ്ശൂര്‍: തൃശ്ശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വിദഗ്ധ ചികിത്സക്കായി രോഗിയെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് വഴി മുടക്കിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തില്‍ ബസ് ഡ്രൈവര്‍ ഇന്നാണ് അറസ്റ്റിലാവുന്നത്. മനക്കൊടി സ്വദേശി സുജിലിനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനും മാര്‍ഗതടസമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സുജിലിനെ കോടതി ജാമ്യത്തില്‍ വിട്ടു.

ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്തു ഐഷാബിയാണ് മരിച്ചത്. അവശനിലയില്‍ വാടാനപ്പള്ളി ആക്ട്‌സിന്റെ ആംബുലന്‍സില്‍ എംഐ ആസ്പത്രിയിലെത്തിച്ച ഐഷാബിയെ പിന്നീട് ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനെടെ ആംബുലന്‍സ് മനക്കൊടി ചേറ്റുപ്പുഴ ഇറക്കത്തു വച്ച് ഗതാഗത കുരുക്കില്‍ പെടുകയായിരുന്നു. മനക്കൊടിയില്‍ വച്ച് വരിതെറ്റിച്ച് വന്ന ബസാണ് ഗതാഗത തടസം സൃഷ്ടിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍ ഇറങ്ങി ചെന്ന് ബസ് ഡ്രൈവറോട് ബസ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും തര്‍ക്കത്തിനൊടുവിലാണ് ആംബുലന്‍സിന് കടന്നു പോകാനായത്. തുടര്‍ന്ന് ആംബുലന്‍സ് ഗതാഗത കുരുക്ക് മറികടന്നെങ്കിലും ഐഷാബിയെ രക്ഷിക്കാനായില്ല.

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന്റെ ഭാഗമായി ബസുകള്‍ ഇങ്ങനെ വരിതെറ്റിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇങ്ങനെ വരി തെറ്റിച്ച ബസിനെ ഏറെ ദൂരം പോലീസ് പുറകോട്ട് എടുപ്പിച്ചിരുന്നു.

Exit mobile version