ക്ലാസ്മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന് രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട് സ്‌കൂളില്‍ നിന്നും പുറത്താക്കി; വിദ്യാര്‍ത്ഥികളെ കാണാനില്ല; പരാതി

തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്

മലപ്പുറം: ക്ലാസ്മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന്റെ പേരില്‍ രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. മൂര്‍ക്കനാട് എസ്എസ്എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.

ക്ലാസ് നടക്കുന്ന മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന് കുട്ടികളോട് രക്ഷിതാക്കളുമായി എത്താന്‍ പറഞ്ഞിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഒരു കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു കാര്യങ്ങള്‍ അറിയിച്ചിരുന്നതായും വിദ്യാര്‍ത്ഥികളെ പുറത്താക്കിയിട്ടില്ലെന്നും രക്ഷിതാവിനെ കൂട്ടിവരണമെന്ന് മാത്രമാണ് പറഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ എത്താതിരുന്നതോടെ ബന്ധുക്കള്‍ രാത്രി മുഴുവന്‍ അന്വേഷിച്ചു. കുട്ടികളെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കാണാനില്ലെന്ന് അറിയിച്ചിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടികളുണ്ടായില്ലെന്ന് കാണാതായ ഒരു കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു.

Exit mobile version