ഭിന്നശേഷി ദിനം സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളോടൊപ്പം ചെലവിട്ട് കലക്ടര്‍ എസ് സുഹാസ്; കുട്ടികള്‍ക്ക് കൈനിറയെ മിഠായിയും ഒപ്പം യാത്രയും സമ്മാനിച്ച് മടക്കം

കൊച്ചി: ഭിന്നശേഷി ദിനത്തില്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളോടൊപ്പം ചെലവിട്ട് എറണാകുളം കലക്ടര്‍ എസ് സുഹാസ് ഐഎഎസ്. ചെറുപുഞ്ചിരിയും കൈ നിറയെ മിഠായിയുമായാണ് എസ് സുഹാസ് പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളിലെത്തിയത്.

കുട്ടികളോടൊപ്പം കളിച്ച കളക്ടര്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ലോഷന്‍, ഡയറി തുടങ്ങിയവ കളക്ടര്‍ കൗതുകത്തോടെ നോക്കി കണ്ടത്.

കുട്ടികള്‍ക്കൊപ്പമുള്ള ആഘോഷം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് ഒരാള്‍ക്ക് തന്നോടൊപ്പം സഞ്ചരിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞത്. നിയാ ഫാത്തിമയെന്ന വിദ്യാര്‍ത്ഥിക്കാണ് കളക്ടറോടൊപ്പം സഞ്ചരിക്കാന്‍ അവസരം കിട്ടിയത്. അധ്യാപികയായ ജെസ്സി ടൈറ്റസും നിയയ്ക്ക് കൂട്ടായി ചേര്‍ന്നു.

ടീച്ചറുടെ മടിയിലിരുന്ന് നിയ ചെറായി ഗേറ്റ് വേ റോഡിലൂടെ കളക്ടര്‍ക്കൊപ്പം സഞ്ചരിച്ചു. ഒത്തിരി സന്തോഷത്തോോടെയാണ് നിയ സ്‌കൂള്‍ മുറ്റത്ത് തിരിച്ചെത്തിയത്.
കൂടുകാര്‍ക്ക് നല്‍കാന്‍ മിഠായിയും കളക്ടര്‍ നിയയ്ക്ക് നല്‍കി.

ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് റോട്ടറി പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ നല്‍കുന്ന ശ്രമങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു. യോഗ, നൃത്തം, സംഗീതം, കായികം തുടങ്ങിയവയിലും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം സ്‌കൂളില്‍ നല്‍കുന്നുണ്ട്. 1987 ല്‍ ആണ് റോട്ടറി പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചത്. 17 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളുമടക്കം 26 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്.

Exit mobile version