വിശപ്പ് കാരണമല്ല കുട്ടി മണ്ണ് കഴിച്ചത്, മണ്ണ് തിന്നുന്ന ശീലമുണ്ടായിരുന്നു: അച്ഛന്റെ ക്രൂരതയില്‍ നിന്ന് രക്ഷ തേടിയാണ് ശിശുക്ഷേമ സമിതിയിലാക്കിയത്; അമ്മയുടെ വെളിപ്പെടുത്തല്‍

അഞ്ചാമത്തെ കുട്ടി മണ്ണ് വാരി തിന്നാറുണ്ടെന്നും എത്ര വിലക്കിയാലും കുട്ടി ആ ശീലം മാറ്റില്ലെന്നും അമ്മ പറഞ്ഞു

തിരുവനന്തപുരം: വിശപ്പ് കാരണമല്ല കുട്ടികള്‍ മണ്ണ് കഴിച്ചതെന്ന് വ്യക്തമാക്കി അമ്മ ശ്രീദേവി. അഞ്ചാമത്തെ കുട്ടി മണ്ണ് വാരി തിന്നാറുണ്ടെന്നും എത്ര വിലക്കിയാലും കുട്ടി ആ ശീലം മാറ്റില്ലെന്നും അമ്മ പറഞ്ഞു. അച്ഛന്റെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും അമ്മ പറഞ്ഞു.

അതേസമയം, വിശപ്പ് സഹിക്കാന്‍ കഴിയാതെ പിഞ്ചുകുട്ടി മണ്ണ് വാരി തിന്നു എന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്നാണ് അമ്മ വ്യക്തമാക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ശ്രീദേവി ഇക്കാര്യം പറഞ്ഞത്.

ശ്രീദേവി-കുഞ്ഞുമോന്‍ ദമ്പതികളുടെ രണ്ട് വയസ് മാത്രം പ്രായമുള്ള അഞ്ചാമത്തെ മകനാണ് ഇന്നലെ ശിശുക്ഷേമ സമിതി ജീവനക്കാര്‍ കുട്ടികളെ ദത്ത് എടുക്കാന്‍ എത്തിയപ്പോള്‍ കൈയ്യില്‍ പറ്റിയ മണ്ണ് തിന്നുന്നത് കണ്ടത്. ഇതാണ് തെറ്റിദ്ധാരണയുണ്ടാക്കിയ തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

വീട്ടില്‍ പട്ടിണിയുണ്ടായിരുന്നില്ല. ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ കിട്ടാറുണ്ട്. കുട്ടികള്‍ ഉച്ചയ്ക്കും ഭക്ഷണം കഴിച്ചിരുന്നു. പുറമ്പോക്കിലാണ് താമസിക്കുന്നത് എന്നതാണ് പ്രശ്‌നം. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. അതില്‍ നിന്ന് മക്കളെ താത്കാലികമായി മാറ്റിനിര്‍ത്താനാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ഇപ്പോള്‍ താത്കാലികമായി ജോലി കിട്ടിയിട്ടുണ്ട്. ജോലി ചെയ്ത മക്കളെ സംരക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്നും ശ്രീദേവി പറഞ്ഞു.

Exit mobile version