ഒറ്റക്ലിക്കിൽ പരമ്പരാഗത ഉത്പന്നങ്ങൾ വാങ്ങാം; കേരള സർക്കാരിന്റെ ഗദ്ദിക പദ്ധതി വൻവിജയം

തിരുവനന്തപുരം: ലോക വിപണി തന്നെ ഒറ്റ ക്ലിക്കിൽ ഉപഭോക്താവിന് മുന്നിലെത്തുന്ന ഓൺലൈൻ പർച്ചേസിങ് കാലത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാരുടെ സംരംഭങ്ങൾ ബ്രാൻഡ് ചെയ്ത് ഓൺലൈനിലൂടെ ലഭ്യമാക്കിയ സംസ്ഥാന സർക്കാർ പദ്ധതി വൻ വിജയമാകുന്നു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാരുടെ സംരംഭങ്ങൾക്ക് കൂടുതൽ അവസരം ലഭ്യമാക്കാനായാണ് സർക്കാർ ഓൺലൈനിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആരംഭിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമായി ആവിഷ്‌കരിച്ച ഈ പദ്ധതിയിലൂടെ പട്ടികജാതി പട്ടികവർഗ സമൂഹത്തിന് മികച്ച വരുമാനമുണ്ടാക്കുകയും അതുവഴി സർവ്വ മേഖലയിലും പുരോഗതി കൈവരിക്കുക എന്നതുമാണ് കേരള സർക്കാർ ലക്ഷ്യം വെക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണിലൂടെയാണ് ആദ്യഘട്ടത്തിൽ വിൽപ്പന നടത്തുന്നത്. ഗുണമേന്മയേറിയതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഇരുന്നൂറിൽപരം ഉൽപ്പന്നങ്ങൾ ആമസോണിൽ ‘ഗദ്ദിക’ എന്ന പേരിലുള്ള ഓൺലൈൻ ഇടത്തിൽ ഇതിനകം തന്നെ എത്തിച്ചിട്ടുണ്ട്.ഗദ്ദിക പദ്ധതിയുടെ ഭാഗമായി പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണിലൂടെയാണ് ആദ്യഘട്ടത്തിൽ ഉത്പന്നങ്ങളുടെ വിൽപ്പന ക്രമീകരിച്ചിരിക്കുന്നത്. ഗുണമേന്മയേറിയതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഇരുന്നൂറിൽപരം ഉൽപ്പന്നങ്ങൾ ആമസോണിൽ ‘ഗദ്ദിക’ എന്ന പേരിലുള്ള ഓൺലൈൻ ഇടത്തിൽ ഇതിനകം തന്നെ എത്തിച്ചിട്ടുണ്ട്.

പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പും കിർത്താഡ്സും ചേർന്ന് നടത്തുന്ന ഗദ്ദിക സാംസ്‌കാരികോത്സവവും ഉൽപ്പന്ന വിപണന മേളയും സർക്കാർ വിപുലീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ഉൽപ്പന്നങ്ങളുടെ വിറ്റുവരവ് കോടിക്കണക്കിന് രൂപയിലേക്ക് എത്തുകയും ഗദ്ദിക വൻ വിജയമാവുകയും ചെയ്തു. പ്രകൃതിദത്തമായ വന വിഭവങ്ങൾക്കും പാരമ്പര്യ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരാറെയാണെന്നും ലോക മാർക്കറ്റിൽ തന്നെ ഇതിന് വലിയ വിപണന സാധ്യതയുണ്ടെന്നും സർക്കാരിന് മനസിലാക്കാനായത് ഗദ്ദികയിലൂടെയാണ്.

ലോകത്തെമ്പാടും വ്യാപിച്ചുകിടക്കുന്ന ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനത്തെ എങ്ങനെ ഇതിനായി ഉപയോഗപ്പെടുത്താമെന്ന് സർക്കാരും ഡിപ്പാർട്മെന്റും ആലോചിക്കുകയും അതിന്റെ ഫലമായാണ് ആമസോൺ പ്ലാറ്റ്ഫോമിലേക്ക് ചർച്ചകൾ എത്തിയത്. ആമസോൺ എന്ന ആഗോള ഓൺലൈൻ മാർക്കറ്റിംഗ് കമ്പനിയുമായി സഹകരിച്ച് പട്ടിക ജാതി-പട്ടിക വർഗ്ഗ ക്ഷേമവകുപ്പ് ഗദ്ദിക എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു. കേരളത്തിന്റെ പാരമ്പരാഗത ഉൽപ്പന്നങ്ങളും വനവിഭവങ്ങളും ആമസോണിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ഇതിലൂടെ ലോകത്തെവിടെ നിന്നും കേരളത്തിന്റെ പാരമ്പര്യ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ആമസോണിൽ കയറി ഗദ്ദിക എന്ന് ടൈപ്പ് ടെയ്ത് സെർച്ച് കൊടുത്താൽ ഈ ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് വരും.

പരിസ്ഥിതി സൗഹാർദ്ദവും ഗുണമേന്മയുള്ളതുമായ മുള ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കൾ, തേങ്ങ കൊണ്ടും ചിരട്ട കൊണ്ടും ഉള്ള നിർമിതികളും മനോഹരമായ ആഭരണങ്ങളും ഭക്ഷ്യോൽപ്പന്നങ്ങളും കൂടാതെ വസ്ത്രങ്ങളും ലോകപ്രശസ്തമായ വയനാടൻ മഞ്ഞൾ, കുരുമുളക് ,തേൻ ,വിവിധ തരം അച്ചാറുകൾ ,മുളയിൽ തീർത്ത പുട്ടുകുറ്റി, റാന്തൽ ലൈറ്റ്, ചിരട്ട പുട്ട് മേക്കർ, മുളയിൽതീർത്ത ജഗ്ഗും മഗ്ഗും, വാട്ടർ ബോട്ടിൽ, മുളകൊണ്ടുള്ള വിശറി, തേങ്ങകൊണ്ടുണ്ടാക്കിയ കൂജ, സ്ത്രീകളുടെ പേഴ്സ്, ബാഗ്, പാളത്തൊപ്പി എന്നിങ്ങനെ പാരമ്പര്യ ഉൽപ്പന്നങ്ങളുടെ വലിയ നിരതന്നെ ലഭ്യമാണ്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചവയാണ് എല്ലാം.

ആവശ്യക്കാർക്ക് സമയ ബന്ധിതമായി നൽകാനും ഉത്പന്നങ്ങളുടെ ഗുണമേന്മ വർന്ധിപ്പിക്കാനും ആവശ്യമായ പരിശീലന പരിപാടികൾ സംരംഭകർക്ക് ഡിപ്പാർട്ട്മെന്റ് നൽകി കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഉത്പാദനം വർധിപ്പിക്കുന്നതിന് വേണ്ടി ഓരോ സ്വയം തൊഴിൽ സംരഭകനും പ്രവർത്തന മൂലധനമായി 50000 /- രൂപ ഈ പദ്ധതിയുടെ ഭാഗമായി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ ന്യൂജെൻ പദ്ധതിയിലൂടെ ലോകമെമ്പാടും കേരളത്തിന്റെ പരമ്പരാഗത ഉത്പന്നങ്ങൾ എത്തിക്കാനാകും. ഓൺലൈൻ വിപണിയുടെ മികച്ചസാധ്യത കേരളത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട സ്വയം തൊഴിൽ സംരംഭകർക്ക് പുതിയ ഊർജ്ജം നൽകുന്നതാണ്.

Exit mobile version