കൈതമുക്ക് സംഭവം കേരളത്തിന് ലജ്ജാകരം; പ്രതികരിച്ച് പി ശ്രീരാമകൃഷ്ണന്‍; വേദനാജനകമായ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും സ്പീക്കര്‍

തിരുവനന്തപുരം: പട്ടിണികാരണം നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇത്തരം വേദനാജനകമായ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു.

ഇന്നലെയാണ് വേദനാ ജനകമായ വാര്‍ത്ത പുറത്തുവന്നത്. വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കുകയായിരുന്നു.
തിരുവനന്തപുരം നഗരമധ്യത്തില്‍ കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം.

മദ്യപാനിയായ ഭര്‍ത്താവ് ഭക്ഷണത്തിനുള്ള പണമോ മറ്റ് സഹായങ്ങളോ നല്‍കിയിരുന്നില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്ന അവസ്ഥയും ഉണ്ടായി. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല്‍ കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തിരുന്നു.

Exit mobile version