വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസം വധുവിന്റെ ഫോണിലേക്ക് വരന്റെ ‘കല്ല്യാണഫോട്ടോ’; ചോദ്യം ചെയ്തതോടെ അധ്യാപകനായ വരൻ മുങ്ങി; സഹോദരൻ ബോധം കെട്ടു വീണു; സദ്യമാത്രം ബാക്കി

എലിക്കുളം: കോട്ടയത്ത് നടക്കാനിരുന്ന വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസം വധുവിന്റെ വാട്‌സ് ആപ്പിലേക്ക് പ്രതിശ്രുത വരന്റെ ആദ്യ വിവാഹത്തിന്റെ ഫോട്ടോ എത്തിയത് നാടകീയ സംഭവങ്ങൾക്ക് വഴിയൊരുക്കി. ചിത്രമയച്ചത് വരന്റെ ആദ്യഭാര്യയായ മലപ്പുറം സ്വദേശിനിയായ അധ്യാപികയായിരുന്നു. വരനെ ചോദ്യം ചെയ്ത് പ്രതിശ്രുത വധു ഫോൺ ചെയ്തതോടെ ഫോൺ സ്വിച്ച് ഓഫാക്കി വരൻ മുങ്ങുകയും ചെയ്തു. അർധരാത്രിയിൽ വിവാഹം മുടങ്ങിയെങ്കിലും വരന്റേയും വധുവിന്റേയും വീട്ടിൽ സദ്യവട്ടങ്ങൾ എല്ലാം തയ്യാറായിട്ടുണ്ടായിരുന്നു. ഇതെല്ലാം പാഴാവുകയും വിവാഹവീട്ടിൽ ആഘോഷത്തിന് പകരം കേസും കൂട്ടവുമായി ആൾത്തിരക്ക് ഏറുകയുമായിരുന്നു.

ഞായറാഴ്ച കോട്ടയം എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന വിവാഹമാണ് മുടങ്ങിയത്. എലിക്കുളം സ്വദേശിനിയാണ് വധു. എലിക്കുളം പഞ്ചായത്തിലെ തന്നെ വഞ്ചിമല കൂനാനിക്കൽ താഴെ സനിലാണ് മുങ്ങിയ വരൻ. വരന്റെയും വധുവിന്റെയും വീടുകളിൽ ശനിയാഴ്ച രാത്രിയും ആഘോഷങ്ങളുണ്ടായിരുന്നു. ഇരുവീടുകളിലും ബന്ധുക്കൾക്ക് സദ്യ നൽകുകയും ചെയ്തു. ഈ ആഘോഷത്തിനിടെയാണ് വധുവിന്റെ ഫോണിലേക്ക് വിളിയെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ പെരിന്തൽമണ്ണ സ്വദേശിനിയുടെ ഫോണിൽ നിന്നും പിതൃസഹോദരനാണ് വിളിച്ചത്. സനിലും പെരിന്തൽമണ്ണ സ്വദേശിനിയും മലപ്പുറം പെരിന്തൽമണ്ണയിൽ സ്വകാര്യ സ്‌കൂളിൽ അധ്യാപകരാണ്. ഇരുവരും 13 വർഷമായി ഒരുമിച്ചു ജീവിക്കുകയാണെന്നും വിവാഹിതരാണെന്നുമുള്ള സത്യം ഈ ഫോൺ വിളിയോടെയാണ് സുനിലിന്റെ വീട്ടിലും അറിഞ്ഞത്. വിവാഹം മുടക്കാൻ പലരും ശ്രമിക്കുമെന്ന് സനിൽ പ്രതിശ്രുതവധുവിന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ വിശ്വസിച്ചില്ല. പിന്നീട് വിവാഹഫോട്ടോ വാട്സ് ആപ്പിൽ കിട്ടിയപ്പോഴും വിശ്വസിച്ചില്ല.

സുനിലാകട്ടെ തന്റെ ‘ഭാര്യയുടെ’ വിളി പ്രതിശ്രുത വധുവിന്റെ ഫോണിലേക്ക് എത്തുമ്പോൾ ഇതൊന്നുമറിയാതെ തന്റെ വീട്ടിലെ ആഘോഷത്തിൽ ആറാടുകയായിരുന്നു. രാത്രി സദ്യയിൽ സജീവമായിരിക്കെയാണ് സുനിലിന്റെ ഫോണിലേക്ക് വിവാഹഫോട്ടോയുടെ കാര്യം തിരക്കി വധുവിന്റെ വീട്ടിൽ നിന്നും കോളെത്തിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. വധു ഈ ഫോട്ടോ അയച്ചുകൊടുത്ത് വിശദീകരണം തേടിയപ്പോൾ സനിൽ ഒന്നും പറയാതെ ഫോൺ സ്വിച്ച് ഓഫാക്കി. ഇതോടെ സംഭവം സത്യമാണെന്ന് സംശയമുയർന്നു. പുലർച്ചെ സനിൽ ബൈക്കും എടുത്ത് പുറപ്പെട്ടു പോവുകയായിരുന്നു.

വരനെ കണാതായതോടെ സംഭവം സത്യമാണെന്ന് ഉറപ്പായി. വരനും വധുവും പരസ്പരം അറിയുന്നവരാണ്. ഇരുകൂട്ടരുടെയും ബന്ധുക്കൾ കാലങ്ങളായി പരിചയക്കാരുമാണ്. വധുവിന്റെ വീടിനടുത്തും സനിലിന്റെ കുടുംബക്കാർ പലരുമുണ്ട്. നേരം പുലർന്നപ്പോൾ സദ്യവട്ടങ്ങളെല്ലാം തയ്യാറാവുകയും ബന്ധുക്കൾ പലരും വിവാഹത്തിൽ പങ്കെടുക്കാനായി എത്തി തുടങ്ങുകയും ചെയ്തു. ചതിക്കപ്പെട്ട വധുവിന്റെ വീട്ടുകാർ പൊൻകുന്നം പോലീസിൽ പരാതി നൽകി. വിവാഹം മുടങ്ങിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സത്യം മറച്ചുവെച്ച് വീണ്ടും വിവാഹത്തിനൊരുങ്ങിയതിന് സനിലിന്റെ പേരിൽ കേസെടുത്തു. സനിലിനെ കാണാതായ സംഭവത്തിൽ ബന്ധുക്കളും പൊൻകുന്നം പോലീസിൽ പരാതി നൽകി. സനിലിന്റെ മുൻവിവാഹത്തിന്റെ കാര്യം ബന്ധുക്കൾക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം. വിവാഹക്കാര്യം അറിഞ്ഞ് സനിലിന്റെ ഇളയസഹോദരൻ ബോധരഹിതനാവുകയും പൊൻകുന്നത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്.

അതേസമയം, സനിൽ വിവാഹം ചെയ്തിരിക്കുന്ന സഹപ്രവർത്തക പെരിന്തൽമണ്ണ സ്വദേശിനിയാണെന്ന് പോലീസ് അറിയിച്ചു. ഇവരുടേത് പുനർവിവാഹമായിരുന്നു. 13 വർഷമായി ഒരുമിച്ചു ജീവിക്കുകയാണ് ഇരുവരും. തന്റെ വീട്ടുകാർ വേറെ വിവാഹം നിശ്ചയിക്കാൻ സാധ്യതയുണ്ടെന്ന് സനിൽ പറഞ്ഞപ്പോഴാണ് ഈ യുവതിയുടെ വീട്ടുകാർ ഇടപെട്ട് ചേർത്തലയിൽ വെച്ച് വിവാഹം നടത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു ഈ വിവാഹം. ഇക്കാര്യം സനിൽ വീട്ടിലറിയിച്ചിരുന്നില്. അത് യുവതിക്കും അറിയാമായിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഇയാൾ എലിക്കുളം സ്വദേശിനിയെയും വിവാഹം കഴിക്കാൻ ശ്രമിച്ചത്. തന്റെ ഭാര്യയുടെ കുടുംബം പുതിയ വിവാഹം അറിയാതിരിക്കാൻ ഇയാൾ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. വിവാഹത്തിന് സഹപ്രവർത്തകരെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നുമില്ല.

Exit mobile version