ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം; പരിശോധന കര്‍ശനം

സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ഇന്ന് പ്രാബല്യത്തില്‍ വരും.

കൊച്ചി: സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ഇന്ന് പ്രാബല്യത്തില്‍ വരും. എല്ലാവരും
ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.

ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം നല്‍കുമെന്നാണ് വ്യക്തമാകുന്നത്. സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.

Exit mobile version