എറിഞ്ഞു ആശുപത്രിയിലാക്കി പോലീസും മുങ്ങി; ക്രിമിനൽ കേസ് എടുത്ത് ഡിജിപി; ഇതല്ല പോലീസ് നയമെന്ന് വിശദീകരണം

എറിഞ്ഞു വീഴ്ത്തിയത് പാസ്‌പോർട്ട് വെരിഫിക്കേഷൻ കഴിഞ്ഞു മടങ്ങുമ്പോൾ; ആശുപത്രിയിലാക്കി പോലീസും മുങ്ങി; ക്രിമിനൽ കേസ് എടുത്ത് ഡിജിപി; ഇതല്ല പോലീസ് നയമെന്ന് വിശദീകരണം

തിരുവനന്തപുരം: കൊല്ലം കടയ്ക്കലിൽ 19കാരനെ ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തി അപകടത്തിൽ പെടുത്തിയ പോലീസുകാർക്കെതിരെ കർശ്ശന നടപടി. നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞ പോലീസ് സംഘത്തിന് എതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതു സർക്കാരിന്റെയോ പോലീസിന്റെയോ നയമല്ലെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ജില്ലാ പോലീസ് മേധാവി ഉത്തരവാദിയാകുമെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.

ലാത്തി കൊണ്ട് ഏറ് കിട്ടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് യാത്രികനും വിദ്യാർത്ഥിയുമായ സിദ്ദിഖ് സുലൈമാനൻ മറ്റൊരു വാഹനത്തിലിടിച്ചു റോഡിൽ തലയിടിച്ചു വീഴുകയും ചെയ്തിരുന്നു. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ താലൂക്ക് ആശുപത്രിയിൽ ഉപേക്ഷിച്ച് പോലീസ് മുങ്ങിയതും ഇതിനിടെ വിവാദമായി. ബന്ധുക്കളെ അറിയിക്കുക പോലും ചെയ്യാതെയാണ് പോലീസ് കൈയ്യൊഴിഞ്ഞത്.

അതേസമയം, പോലീസ് നടപടിക്് എതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെ ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തും ഉന്നത അന്വേഷണം പ്രഖ്യാപിച്ചും പോലീസ് നടപടി കർശ്ശനമാക്കി. ലാത്തിയെറിഞ്ഞ സിവിൽ പോലീസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തു. തുടരന്വേഷണത്തിന് എഡിജിപി ഷേഖ് ദർബേഷ് സാഹിബിനെ ചുമതലപ്പെടുത്തിയെന്നും ഡിജിപി അറിയിച്ചു.

വിദേശജോലിക്കുള്ള പാസ്‌പോർട്ട് വെരിഫിക്കേഷൻ കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന പത്തൊമ്പതുകാരനാണ് പോലീസിന്റെ ആക്രമംണത്തിന് ഇരയായത്. ഹെൽമറ്റ് വയ്ക്കാതെ വന്ന സിദ്ദിഖിനെ ഹൈവെ പട്രോളിങ് സംഘം കൈകാണിക്കുകയായിരുന്നു. നിർത്താതെ പോയതോടെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞു. ലാത്തി ദേഹത്തു കൊണ്ടു നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ശബരിമല തീർത്ഥാടകരുടെ കാറിലിടിച്ചു മറിഞ്ഞു.

രക്തം വാർന്നു കിടന്ന സിദ്ദിഖിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം ചികിത്സ ഉറപ്പാക്കാൻ പോലും നിൽക്കാതെ പോലീസുകാർ മുങ്ങി. ആശുപത്രിക്കാർ വിളിച്ചതനുസരിച്ചെത്തിയ പിതാവാണ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. തലയ്ക്കും കാലിനും പരുക്കേറ്റ സിദ്ദിഖ് മെഡിക്കൽ കോളജിൽ തുടരുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ പോലീസ് നടപടികൾ സ്വീകരിക്കുകയായിരുന്നു.

Exit mobile version