മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ

പാലക്കാട്: സംവിധായകൻ ശ്രീകുമാർ മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. നടി മഞ്ജുവാര്യർ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ശ്രീകുമാർ മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്യും എന്നാണ് വിവരം.

നേരത്തെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. മഞ്ജുവാര്യർ നൽകിയ പരാതിയിൽ താരം അഭിനയിച്ച ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ശ്രീകുമാർ മേനോനിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ബിഗ് ബജറ്റ് സിനിമയിൽ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഒരു സുഹൃത്തുമാണെന്നാണ് മഞ്ജുവിന്റെ പരാതി.

Exit mobile version