അങ്കമാലി വാഹനാപകടം: വാഹനങ്ങളുടെ കാഴ്ച മറച്ച് നിര്‍മ്മിച്ച കെട്ടിടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിന് പിന്നാലെ കെട്ടിടം നഗരസഭ പൊളിച്ച് നീക്കി

കൊച്ചി: അങ്കമാലി ദേശീയപാതയില്‍ വാഹനങ്ങളുടെ കാഴ്ച മറച്ച് നിര്‍മ്മിച്ച കെട്ടിടം നഗരസഭ പൊളിച്ച് നീക്കി. കഴിഞ്ഞ ദിവസം നാല് പേരുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് അടിയന്തര നടപടിക്ക് കാരണമായത്.

നഗരസഭ നടപടികള്‍ക്ക് തൊട്ട് മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെട്ടിടം ഭാഗികമായി അടിച്ചു തകര്‍ത്തിരുന്നു. എംഎല്‍എ റോജി എം ജോണ്‍ അടക്കം സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.

കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസ്സിടിച്ച് നാല് ജീവന്‍ നഷ്ടമായിരുന്നു. വാഹനങ്ങളുടെ കാഴ്ച മറച്ച്, അങ്കമാലി ദേശീയ പാതയിലേക്ക് കയറ്റി നിര്‍മ്മിച്ച ഈ കെട്ടിടമാണ് അപകടത്തിന് കാരണമായത്.

സമീപത്തെ ഇട റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കയറുന്നത് പലപ്പോഴും മറ്റ് വാഹനങ്ങളുടെ ശ്രദ്ധയില്‍ പെടാറില്ല. ഇതേത്തുടര്‍ന്ന് പ്രദേശത്ത് അപകടം പതിവായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെട്ടിടം പൊളിക്കാനുള്ള തീരുമാനം.

നഗരസഭ രേഖകള്‍ പ്രകാരം രണ്ട് ഷട്ടറുകള്‍ക്കാണ് ഈ കെട്ടിടത്തിന് അനുമതിയുള്ളത്. എന്നാല്‍, കെട്ടിടമുടമകള്‍ നാല് ഷട്ടറുകള്‍ ഇട്ടാണ് കട നിര്‍മ്മിച്ചത്. ഇതില്‍ ദേശീയപാതയുടെ സ്ഥലവും കൈയ്യേറിയിട്ടുണ്ട്. കൂടുതല്‍ രേഖകള്‍ പരിശോധിച്ച് കെട്ടിടം മുഴുവന്‍ പൊളിച്ച് നീക്കാനാണ് പദ്ധതി. കളമശ്ശേരി സ്വദേശികളായ രണ്ട് ഉടമകളുടെ പേരിലാണ് കെട്ടിടം.

Exit mobile version