ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ അടിച്ചയാള്‍ പിടിയില്‍

കൊച്ചി: ശബരിമല ദര്‍ശനം നടത്താനായി എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു പൊടി സ്‌പ്രേ അടിച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ മുന്നില്‍ വെച്ചായിരുന്നു ബിന്ദുവിന് നേരെ മുളകു പൊടി അടിച്ചത്.

പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്‌പ്രേ അടിച്ചതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. പോലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

ശബരിമലയിലേക്ക് പോകാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും പുലര്‍ച്ചെയാണ് കേരളത്തിലെത്തിയത്. ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്. പമ്പയില്‍ തൃപ്തിയേ തടഞ്ഞാല്‍ അത് കോടതി അലക്ഷ്യമായി കണക്കാക്കും. അതിനാല്‍ തന്നെ സര്‍ക്കാരിന്റെയും പോലിസിന്റെയും നിലപാട് നിര്‍ണായകമാണ്.

അതേ സമയം കോടതി വിധിക്ക് പിന്നാലെ തന്നെ താന്‍ ശബരിമല പ്രവേശനം നടത്തുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നൂ. താന്‍ കോടതി ഉത്തരവും ആയിട്ടാണ് എത്തിയിരിക്കുന്നത് എന്ന് തൃപ്തി പറഞ്ഞു. കേരള സര്‍കാര്‍ കാണിക്കുന്നത് ശരി അല്ലെന്നും 12 വയസുള്ള കുട്ടിയെ പമ്പയില്‍ തടഞ്ഞത് ന്യായീകരിക്കാന്‍ ആവില്ലെന്നും അവര്‍ പ്രതികരിച്ചു.

Exit mobile version