ഷെഹ്‌ല, എല്ലാവരും നിന്നെ മറക്കുകയാണ്; വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപ്പെടുക മാത്രമാണോ എന്ന് ആശങ്കയുണ്ട്; കണ്ണീരോടെ ഇളയമ്മയുടെ കുറിപ്പ്

ബത്തേരി: സുൽത്താൻ ബത്തേരിയിലെ സർവജന സ്‌കൂളിൽ ക്ലാസ്മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന് നീതി തേടി സോഷ്യൽമീഡിയയിലടക്കം വലിയ മുറവിളിയാണ് ഉണ്ടായത്. എന്നാൽ കേസിൽ പിന്നീട് വലിയ പുരോഗതിയോ കുറ്റക്കാർക്കെതിരായ നടപടിയോ ഒന്നും വാർത്തകളിൽ ഇടം പിടിച്ചില്ല. ഷെഹ്‌ലയുടെ സഹപാഠികളായ നിദാ ഫാത്തിമയും കീർത്തനയും വിസ്മയയും ഉൾപ്പടെയുള്ളവർ നീതിക്കായി ശബ്ദമുയർത്തിയതോടെ മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ഈ വിദ്യാർത്ഥിനികൾ മാത്രമായി ചർച്ച.

നിദയ്ക്കും കീർത്തനയ്ക്കും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വീട് ഉയരുന്നുമുണ്ട്. ഇതിനിടയിൽ ഷെഹ്‌ലയുടെ മരണവും വയനാടിന്റെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥയും ചർച്ചകളിൽ നിന്നും മാഞ്ഞുപോവുകയാണ്. ഈ മരണത്തോടെയെങ്കിലും വയനാടിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് കാര്യമായ ചർച്ച ഉയർന്നുവരുമെന്ന് പ്രതീക്ഷിച്ച ഷെഹ്‌ലയുടെ കുടുംബവും ഇതോടെ ഏറെ സങ്കടത്തിലാണ്. ഷെഹ്‌ലയുടെ കുടുംബത്തിൽ മുമ്പ് നടന്ന പലമരണങ്ങളും ചികിത്സ കിട്ടാൻ വൈകിയത് കൊണ്ടാണെന്ന് ഷെഹ്‌ലയുടെ ഇളയമ്മ കണ്ണീരോടെ പറയുന്നു.

എല്ലാവരും പതുക്കെ നിന്നെ മറക്കുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഷെഹ്‌ലയുടെ ഇളയമ്മ ഫസ്‌ന ഫാത്തിമ പറയുന്നു. അടിസ്ഥാനപരമായ വയനാടിന്റെ ആവശ്യം ഇനിയും എവിടെയും ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപെടുക മാത്രമാണോ എന്ന് ആശങ്കയുണ്ടെന്നും ഇവർ കുറിക്കുന്നു.

ഫസ്‌ന ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പ്:

എല്ലാവരും പതുക്കെ നിന്നെ മറക്കുകയാണ്. ഷഹ്‌ല…. കുഞ്ഞാവേ നിന്റെ ജന്മനിയോഗം പൂർത്തിയാവണമെങ്കിൽ ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. ഞാൻ നിരാശയിലാണ് മോളെ… നീയും വെറുമൊരു വാർത്തയാവുകയാണ്. നിന്നെ നഷ്ടപ്പെട്ടപ്പോൾ സമചിത്തതയോടെ നിന്നത് നിന്നിലൂടെ വയനാടിനൊരു മെഡിക്കൽ കോളജ് ലഭിക്കുമെന്ന് ഞങ്ങൾ കരുതിയത് കൊണ്ടാണ്.. പക്ഷെ അതുണ്ടാവണമെങ്കിൽ സർക്കാർ കണ്ണു തുറക്കണം. ഞങ്ങൾ നിനക്ക് നീതി വേണമെന്നല്ല പറയുന്നത്. അധ്യാപകനെ ക്രൂശിക്കണമെന്നും ഞങ്ങൾ പറയുന്നില്ല. അതു കൊണ്ട് നഷ്ടപ്പെട്ട നിന്നെ ഞങ്ങൾക്ക് തിരിച്ചു കിട്ടില്ല…
ഞങ്ങൾക്ക് പറയാനുള്ളത് നിന്നിലൂടെ ഈ നാടിന് ഒരു ആതുരാലയം വേണമെന്നാണ്. അത് മാത്രമാണ് ഞങ്ങളുടെ ആവശ്യം. നീ വേർപ്പെട്ട ദു:ഖത്തിൽ പങ്കുചേരാൻ ദിനവും നിരവധി പേരാണ് വരുന്നത്. സമാശ്വാസ വാക്കുകളല്ല ഞങ്ങൾക്ക് വേണ്ടത്. ഇനിയൊരു ജീവനും നിന്നെ പോലെ പൊലിഞ്ഞു പോവരുത്. അതിന് സത്വര നടപടികളാണ് വേണ്ടത്.
നിന്റെ വല്യുമ്മയുടെ പെൺകുഞ്ഞ് 1974ൽ മരിച്ചതും മതിയായ ചികിത്സ കിട്ടാതെയാണ്. നിന്റെ വല്യുപ്പ വീരാൻകുട്ടി 2009 ൽ മരിച്ചതും ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ്. ഇപ്പോൾ 2019ൽ നിന്റെ ജീവന് ആപത്തുണ്ടായപ്പോഴും വയനാട്ടിലെ ചികിത്സാ സംവിധാനം 1974-ലെ അതേ അവസ്ഥയിലാണ്. സാങ്കേതികത്വം ഇത്ര കണ്ട് പുരോഗമിച്ചിട്ടും വയനാടിനു മാത്രം ഈ ഗതിയെന്താണ്? മൂന്നര മണിക്കൂർ യാത്ര ചെയ്ത് കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുന്നത് ഈ അധികാരികളാരും കാണുന്നില്ലല്ലോ? എല്ലാത്തിലും രാഷ്ട്രീയം കലർത്തി സംഭവത്തിന്റെ ഗൗരവം ഇല്ലാതാക്കുകയാണ്. നിന്നിലൂടെ നിന്റെ കൂട്ടുകാരികൾക്ക് വീട് ലഭിക്കാൻ പോകുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. നിദ മോളുടെ ആർജവത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപെടുക മാത്രമാണോ എന്ന് ആശങ്കയുമുണ്ട്. അടിസ്ഥാനപരമായ വയനാടിന്റെ ആവശ്യം ഇനിയും എവിടെയും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ഭാഗം രക്ഷിക്കാൻ അധ്യാപകരും ഡോക്ടർമാരും പല വാദങ്ങളുമായി വന്നിട്ടുണ്ട്. നിന്റെ വാപ്പ അദ്ദേഹം വന്നിട്ട് നിന്നെ ആശുപത്രിയിൽ കൊണ്ടു പോയാൽ മതിയെന്ന് പറഞ്ഞുവെന്ന്. ഏതെങ്കിലുമൊരു വാപ്പ അങ്ങനെ പറയുമോ? ഒരു മാഷ് ചെയ്ത തെറ്റു മാത്രമാണ് നിന്നെ ഞങ്ങൾക്ക് നഷ്ടമാകാൻ കാരണമായത്. അതിന് എല്ലാ അധ്യാപകരും തെറ്റുകാരാണെന്ന തരത്തിൽ പറയേണ്ടതില്ല. സ്വന്തം കുഞ്ഞിനെ പോലെ സ്‌നേഹിക്കുന്ന ആയിരം അധ്യാപകരെ എനിക്കറിയാം. പക്ഷേ മരണത്തിന് ഉത്തരവാദിയായ അധ്യാപകനെ ന്യായീകരിക്കുന്ന ചില അധ്യാപകരെയും കണ്ടു. ആ മാഷിനെ വെള്ളപൂശാൻ ശ്രമിക്കുന്നവരെയും. അനാസ്ഥ കാണിച്ച ഡോക്ടറെയും വെള്ളപൂശാൻ ശ്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞു. അതിയായി ദു:ഖമുണ്ട് മോളെ… വിഷയം ഗതി മാറുകയാണ്. പരസ്പരം പഴിചാരുകയാണ്. ഇനി പത്തു വർഷം കഴിഞ്ഞാലും ഇതേ അവസ്ഥ തന്നെയായിരിക്കും. അതില്ലാതിരിക്കണമെങ്കിൽ ഇന്ന് ഞാനുൾപ്പെടെയുള്ളവർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ഇനി നിന്റെ ഗതി ആർക്കും വന്നു കൂടാ….

Exit mobile version