മോഷ്ടിക്കാന്‍ കയറിയതാണ്, ഒച്ചയുണ്ടാക്കരുത്! തൃശ്ശൂരിലെ ഡോക്ടറുടെ വീട്ടില്‍ നടന്നത് അവിശ്വസനീയ രംഗങ്ങള്‍!

ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്'. തൃശ്ശൂരിലെ ഒരു വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ പറഞ്ഞതാണിത്.

തൃശ്ശൂര്‍: ‘ ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്’. തൃശ്ശൂരിലെ ഒരു വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ പറഞ്ഞതാണിത്.

തൃശ്ശൂരിലെ മുല്ലക്കരയില്‍ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള ഡോ. ക്രിസ്റ്റോയുടെ വീട്ടില്‍ക്കടന്ന മുഖംമൂടിയിട്ട നാല് മോഷ്ടാക്കള്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി പറഞ്ഞു. സംഭവത്തിന് കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ….

വീടിനോടു ചേര്‍ന്നുള്ള ക്ലിനിക്കിന്റെ ബലക്കുറവുള്ള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന അരിവാളും മോഷ്ടിക്കളിലൊരാള്‍ കൈക്കലാക്കി.

ക്ലിനിക്കില്‍ നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും കിടന്നിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു-”മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.”

പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകന്‍ വിളിക്കുന്നത് കേട്ട് വാതില്‍തുറന്ന ഡോക്ടറുടെ മുന്നില്‍ എത്തിയത് മൂന്ന് മോഷ്ടാക്കള്‍.

ഒരാള്‍ താഴത്തെ നിലയില്‍ അമ്മ ഒച്ചയുണ്ടാക്കാതിരിക്കാനായി കാവലിരിക്കുകയായിരുന്നു. മകനെ അച്ഛനമ്മമാരുടെ അടുത്തേക്കുവിട്ട് മോഷ്ടാക്കള്‍ പറഞ്ഞു.”ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്”.

പണവും സ്വര്‍ണവും എവിടെയെന്ന ചോദ്യത്തിന് അതൊന്നുമില്ലെന്നായിരുന്നു ഡോക്ടറുടെയും ഭാര്യയുടെയും മറുപടി. ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാമല്ലോ, അതുറപ്പാക്കിയല്ലേ ഈ പണിക്കെത്തിയത് എന്നുപറഞ്ഞ മോഷ്ടാക്കള്‍ മുറി മുഴുവന്‍ അരിച്ചുപെറുക്കി. അലമാരിയിലെ വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ടു. ഒന്നും കാണാത്തതിനാല്‍ കുപിതരായി നില്‍ക്കുമ്പോഴാണ് അലമാരയുടെ പുറത്ത് കരടിക്കുട്ടിയുടെ ബൊമ്മ കണ്ടത്.

ഒന്നും കണ്ടെത്താതെ നിന്ന മോഷ്ടാക്കളിലൊരാള്‍ അരിശംപൂണ്ട് അരിവാള്‍ കൊണ്ട് ബൊമ്മയെ വെട്ടി. അപ്പോള്‍ ബൊമ്മയുടെ വയറ്റില്‍നിന്ന് സ്വര്‍ണാഭരണങ്ങളും അഞ്ചട്ടുകെട്ട് നോട്ടും താഴെവീണു. 30 പവന്‍ സ്വര്‍ണവും 80,000 രൂപയും അതെല്ലാം എടുത്തിറങ്ങിയ മോഷ്ടാക്കള്‍ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും എടുത്തു. എന്നിട്ട് പറഞ്ഞു -”ഇത് എനിക്ക് വേണം. ഇത് ഞാനെടുക്കുവാ”

Exit mobile version