പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി: സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സര്‍ക്കാര്‍, 50 പേര്‍ക്ക് തൊഴില്‍ വിസ വിതരണം ചെയ്തു

കൊച്ചി: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദേശ ജോലിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കി വിദേശത്ത് തൊഴില്‍ ലഭിച്ച 50ഓളം പേര്‍ക്കുള്ള തൊഴില്‍ വിസ വിതരണം ചെയ്തു. അങ്കമാലി എക്‌സ്‌പോയര്‍ അക്കാദമിയില്‍ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ വിസയുടെ വിതരണോദ്ഘാടനം മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു.

പട്ടികജാതി വികസന വകുപ്പും എസ്പോയര്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ റോജി എം ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്പോര്‍ അക്കാദമി ഡയറക്ടര്‍ പൗലോസ് തേപ്പാല, നഗരസഭ വൈസ് ചെയര്‍മാന്‍ എം എസ് ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിടി പോള്‍, പിഐ ശ്രീവിദ്യ (പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍), എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇതോടെ വിദേശ ജോലിയെന്ന ഒരു പറ്റം യുവാക്കളുടെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പട്ടികജാതി വികസനവകുപ്പും, എസ്പോയറും ചേര്‍ന്നാണ് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററായ അങ്കമാലി എസ്പോയറില്‍ പട്ടിക ജാതി വികസന വകുപ്പ് മുഖേന പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് വിസ നല്‍കുന്നത്.

എസ്എസ്എല്‍സി, ഐടിഐ, ഡിപ്ലോമ, ബി-ടെക്(മെക്കാനിക്കല്‍-ഇലക്ട്രിക്) കഴിഞ്ഞ കുട്ടികള്‍ക്ക് മൂന്ന് മാസത്തെ തൊഴില്‍ പരിശീലനം നല്‍കി, അര്‍ഹരായവര്‍ക്ക് വിദേശത്ത് ജോലി നല്‍കുകയാണ്. പരിശീലന ഫീസ്, ഭക്ഷണം, താമസം, വിസ, ടിക്കറ്റ്, മെഡിക്കല്‍ തുടങ്ങിയ എല്ലാ ചെലവുകളും പട്ടികജാതി വികസന വകുപ്പ് തന്നെയാണ് വഹിക്കുന്നത്.

സംസ്ഥാന സ്‌കില്‍ ഡവലപ്പ്മെന്റ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്സലന്‍സും (KASE), മള്‍ട്ടിനാഷണല്‍ കമ്പനിയായ ഇറാം (ERAM) ഗ്രൂപ്പുമായി ചേര്‍ന്ന് അങ്കമാലിയില്‍ ആരംഭിച്ചിട്ടുള്ള എസ്പോയിര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിജയകരമായി പരിശീലനം പൂര്‍ത്തീകരിച്ച ട്രെയിനികള്‍ക്കാണ് സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ഉദ്യോഗം ലഭിച്ചത്.

ജോലി കരസ്ഥമാക്കിയ 75 പേര്‍ക്ക് ഈ മാസം 23 ന് അങ്കമാലി ഇന്‍ങ്കെല്‍ (INKEL) ബിസിനസ് പാര്‍ക്കിലെ എസ്പോയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് മന്ത്രി എകെ ബാലന്‍ വിസയും യാത്രരേഖകളും നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും കെഎഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രശേഖര്‍ എസ് ഐഎഎസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ 700 ല്‍ പരം പേര്‍ക്ക് വിവിധ രാജ്യങ്ങളില്‍ ജോലി നേടികൊടുക്കാനായിട്ടുണ്ടെന്ന് സെന്റര്‍ ഡയറക്ടര്‍ പൗലോസ് തേപ്പാല പ്രതികരിച്ചു.

യുഎഇ, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, അള്‍ജീരിയ, നൈജീരിയ, സാംബിയ എന്നീ രാജ്യങ്ങളിലെക്കാണ് കൂടുതല്‍ പേര്‍ക്കും ജോലി ലഭിച്ചിരിക്കുന്നത്. ഐടിഐ, ഡിപ്ലോമ, ബിടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് രാജ്യത്തിനകത്തും പുറത്തും ജോലി ലഭിക്കുന്നതിനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രമാണ് എസ്പോയിര്‍. ഇതുവരെ ഇവിടെ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

തൊഴില്‍ ദാതാക്കള്‍ ആഗ്രഹിക്കുന്ന തൊഴിലിനു സമാനമായ പരിശീലനമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 7156 പേര്‍ക്ക് തൊഴില്‍ തേടുന്നതിനുള്ള പരിശീലനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 2376 പേര്‍ക്ക് ഇതിനകം വിദേശത്ത് തൊഴില്‍ ലഭിച്ചു. 50 പേരെക്കൂടി വിദേശത്തേക്ക് അയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Exit mobile version