ഷെഹ്‌ലയുടെ മരണം; പ്രത്യേക സംഘം അന്വേഷിക്കും

മാനന്തവാടി എസിപി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷിക്കുക.

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥി ഷെഹ്‌ലയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. മാനന്തവാടി എസിപി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷിക്കുക.

പ്രതികള്‍ക്കെതിരെ ചുമത്തിയത് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ്. കുട്ടി മരിച്ച സംഭവത്തില്‍ ഇന്നലെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍.

പ്രിന്‍സിപ്പാളിനെയും വൈസ്പ്രിന്‍സിപ്പാളിനെയും സസ്‌പെന്‍ഡ് ചെയ്യുകയും സ്‌കൂളിന്റെ പിടിഎ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എകെ കരുണാകരന്‍, ഹൈസ്‌കൂളിന്റെ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പാള്‍ കെകെ മോഹനന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Exit mobile version