ഷെഹ്‌ല ഷെറിന്റെ മരണം; അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി

തിരിച്ചു സര്‍വീസില്‍ കയറിയാല്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഒന്നും മൂന്നും പ്രതികള്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഒന്നാം പ്രതി അധ്യാപകനായ ഷജിലിനും മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെകെ മോഹനുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ ഇരുവരും സസ്‌പെന്‍ഷനില്‍ ആണ്, അതു കൊണ്ട് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഇല്ല.

തിരിച്ചു സര്‍വീസില്‍ കയറിയാല്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഇരുവരും അന്വേഷണവുമായി സഹകരിക്കണം. ഇരുവരേയും അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യാം. അറസ്റ്റു ചെയ്താല്‍ അന്നു തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.

Exit mobile version