വീണ്ടും മൃഗശാലയില്‍ അനാക്കോണ്ട ചത്തു

തിരുവനന്തപുരം: മൃഗശാലയില്‍ അണുബാധയേറ്റ് അനാക്കോണ്ട ചത്തു. ഒന്‍പതര വയസ്സുള്ള പെണ്‍ അനാക്കോണ്ടയാണ് ചത്തത്. മൃഗശാലയില്‍ വെച്ച് രണ്ടുമാസത്തിനിടെ നാലാമത്തെ അനാക്കോണ്ടയാണ് ചത്തത്. 18.5 കിലോ ഭാരവും പത്ത് അടി നീളവുമുള്ള അനാക്കോണ്ടയാണ് ചത്തത്.

വ്യാഴാഴ്ച രാവിലെയാണ് അനാക്കോണ്ട ചത്തത്. രാവിലെ തീറ്റ നല്‍കാനായി ജീവനക്കാരന്‍ എത്തിയപ്പോള്‍ കൂടിനുള്ളില്‍ ചലനമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടത്. തുടര്‍ന്ന് കൂടിനുള്ളില്‍ നിന്ന് പുറത്തെടുത്ത് പരിശോധന നടത്തി.

അതേസമയം മൃഗശാലയിലുള്ള മൂന്ന് അനാക്കോണ്ടകളും ചികിത്സയിലാണ്. ഇതില്‍ രണ്ടെണ്ണം രോഗവിമുക്തമായി വരുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ആദ്യത്തെ മരണം സംഭവിച്ചപ്പോള്‍ പാമ്പുരോഗ വിദഗ്ധരെ എത്തിച്ച് എല്ലാ പാമ്പുകളെയും പരിശോധിച്ചിരുന്നു. എന്നാല്‍, മറ്റു പാമ്പുകളില്‍ രോഗം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൃഗശാലകളില്‍ അണുനശീകരണ പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.

Exit mobile version