ജപ്പാൻ-കൊറിയ സന്ദർശനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടും; വിദേശ സന്ദർശനത്തിന് എതിരെ പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്ക് പണം കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യകളേക്കുറിച്ച് മനസിലാക്കാനും മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വിദേശ രാജ്യ സന്ദർശനത്തിന് പുറപ്പെടുന്നു. വ്യവസായ മന്ത്രി ഇപി ജയരാജനും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രനുമാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിദേശ സന്ദർശനത്തിനു പോകുന്നത്.

ജപ്പാനും കൊറിയയും സന്ദർശിക്കുകയാണ് യാത്രയുടെ മുഖ്യലക്ഷ്യം. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടും. 13 ദിവസത്തെ സന്ദർശനത്തിനാണ് സംഘം പുറപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തുന്നതിന് എതിർപ്പുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ വികെ പ്രേമചന്ദ്രനും ചീഫ് സെക്രട്ടറി അടക്കമുള്ള മറ്റ് ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിക്കും. ഗതാഗത വികസനം, മത്സ്യബന്ധനം ഉൾപ്പെടെയുള്ള മേഖലകളിൽ വിദേശസഹായം നേടുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്രയധികം പേരുമായി മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തുന്നത് എന്തിനാണെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Exit mobile version