‘പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും, പച്ചവെള്ളം ഒഴിച്ചു തിരുമ്മുകയായിരുന്നു അവര്‍ ; ഞങ്ങളുടെ കുട്ടിയെ ഇവര്‍ തിരിച്ചുതരുമോ..?; പൊട്ടിത്തറിച്ച് ബന്ധു

സുല്‍ത്താന്‍ ബത്തേരി: ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരന്‍. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് പിതൃസഹോദരന്‍ ആരോപിക്കുന്നത്.

‘പാമ്പ് കടിച്ചെന്ന് കുട്ടി പറഞ്ഞിട്ടും അധ്യാപകര്‍ കൂട്ടാക്കിയില്ല. അവര്‍ ഓഫീസ് റൂമില്‍ കൊണ്ടുപോയി പച്ചവെള്ളം ഒഴിച്ചു തിരുമ്മുകയായിരുന്നു. ഞങ്ങള്‍ക്ക് കുട്ടിയെ ഇവര്‍ തിരിച്ചുതരുമോ..?’ പൊട്ടിത്തറിച്ച് ബന്ധു ചോദിക്കുന്നു.

വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിപ്പിച്ചുവെന്ന് മരിച്ച കുട്ടിയുടെ സഹപാഠികളും ആരോപിച്ചിരുന്നു. അതിനിടെ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. അധ്യാപകര്‍ കുട്ടിക്ക് വൈദ്യസഹായം വൈകിപ്പിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്‌കൂള്‍ സ്റ്റാഫ് റൂം തല്ലിത്തകര്‍ത്തു. പ്രധാനാധ്യാപകനെ കയ്യേറ്റം ചെയ്തു.

അതെസമയം അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകന്‍ സജിനെ സസ്‌പെന്‍ഷന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥമൂലമാണ് കുട്ടി മരിച്ചത് എന്ന ആരോപണം ശക്തമായതോടെയാണ് അധ്യാപകന്‍ സജിനെ സസ്‌പെന്‍ഷന്‍ഡ് ചെയ്തത്. പമ്പ് കടിയേറ്റെന്ന് ബോധ്യപ്പെട്ടിട്ടും ഷഹ്ല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് സഹപാഠികളും ആരോപിച്ചിരുന്നു.

Exit mobile version