ആവശ്യം അംഗീകരിച്ചു; യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചു

ജനപ്രതിനിധികള്‍ക്ക് മാത്രം അവരുടെ വാഹനത്തില്‍ പമ്പയിലേക്ക് പോകാമെന്ന് പോലീസ് പറഞ്ഞതോടെ എല്ലാവരെയും കടത്തിവിടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു

പമ്പ: നേതാക്കളുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാമെന്നും എല്ലാ പ്രവര്‍ത്തകര്‍ക്കും പമ്പയിലേക്ക് പോവാമെന്നും പോലീസ് വ്യക്തമാക്കിയതോടെ യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചു. നിരോധനാജ്ഞ ലംഘിക്കുമെന്നും ശബരിമലയെ തകര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്.

ജനപ്രതിനിധികള്‍ക്ക് മാത്രം അവരുടെ വാഹനത്തില്‍ പമ്പയിലേക്ക് പോകാമെന്ന് പോലീസ് പറഞ്ഞതോടെ എല്ലാവരെയും കടത്തിവിടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. നിരോധനാജ്ഞ നിലവിലുണ്ടെന്നും നിലക്കല്‍ ബേസ് സ്റ്റേഷന് അപ്പുറത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടും പൊലീസ് എടുത്തതോടെ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

നേതാക്കളുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാമെന്നും എല്ലാ പ്രവര്‍ത്തകര്‍ക്കും പമ്പയിലേക്ക് പോവാമെന്നും ഉമ്മന്‍ ചാണ്ടിയോട് പോലീസ് വ്യക്തമാക്കി. അതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

സാധാരണ ഭക്തരെ തടയുന്ന പോലീസ് നടപടി ശരിയല്ലെന്നും, പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്തേക്ക് പോകാന്‍ പോലീസ് അനുവദിച്ചത് യുഡിഎഫ് സമരത്തിന്റെ ആദ്യഘട്ട വിജയമാണ്. നിരോധനാജ്ഞാ ലംഘനം പ്രഖ്യാപിത നിലപാടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Exit mobile version