കേരള ബാങ്ക് പത്ത് ദിവസത്തിനകം: ദുഷ്പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി: കേരള ബാങ്ക് പത്ത് ദിവസത്തിനകം ആരംഭിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സഹകരണ ബാങ്കിനെയും ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സഹകരണ നിയമ ചട്ടങ്ങള്‍ക്ക് വിധേയമായി വേണം കേരള ബാങ്ക് പ്രവര്‍ത്തിക്കേണ്ടതെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ മറിച്ചുള്ള പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദുഷ്പ്രചരണങ്ങളില്‍ പ്രധാനം പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുമായി ബന്ധപ്പെട്ടതാണ്. കേരള ബാങ്ക് രൂപീകരിക്കുന്നോടെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ തകരുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അതില്‍ വാസ്തവമില്ല. കാരണം പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രതിനിധികളും കേരള ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗങ്ങളാണ്.

സഹകരണ മേഖലയില്‍ ബദല്‍ മാര്‍ഗം വേണമെന്ന് ധനകാര്യ കമ്മീഷന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞിട്ടും കേരള ബാങ്കിന്റെ കാര്യത്തില്‍ ഉറച്ച തീരുമാനം എടുക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. ഇക്കാര്യത്തില്‍ നിലവിലെ ഇടതുപക്ഷ സര്‍ക്കാരിന് ഉറച്ച നിലപാടാണ്. അതിനാല്‍ തന്നെ എത്രത്തോളം ദുഷ്പ്രചാരണം ഉണ്ടായാലും 10 ദിവസത്തിനുള്ളില്‍ കേരള ബാങ്ക് രൂപീകരിക്കുമെന്നും കടകംപള്ളി മന്ത്രി വ്യക്തമാക്കി.

Exit mobile version