പൃഥ്വിയുടെ സാരഥിയ്ക്ക് ഇനി സ്വന്തം കാര്‍: സന്തോഷം പങ്കുവച്ച് സുപ്രിയ

മലയാള സിനിമയില്‍ വാഹനങ്ങളോട് ഏറെ പ്രേമമുള്ളയാളാണ് നടന്‍ പൃഥ്വിരാജ്. പൃഥ്വിയുടെ ഓരോ പുതിയ കാറും ആരാധകര്‍ക്ക് ആഘോഷമാണ്. ലംബോര്‍ഗിനിയും റേഞ്ച് റോവറും താരം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ കുടുംബത്തിലെ പുതിയ സന്തോഷം സുപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പൃഥ്വിയുടെ വിശ്വസ്തനായ സാരഥി രാജന്‍ സ്വന്തം കാര്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്.

ടൊയോട്ട ഇന്നോവ ജിഎക്സ് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയ വാഹനം. KL 07 CF 13 എന്ന നമ്പറിലുള്ള ഈ എസ്യുവി 2015-ല്‍ രജിസ്റ്റര്‍ ചെയ്തതാണ്. രാജന്റെ സ്വപ്നം സഫലമായെന്ന കുറിപ്പോടെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘ഞങ്ങളുടെ ഒരു കുടുംബാംഗത്തിന്റെ ഏറ്റവും വലിയ ആഘോഷമാണിന്ന്. പൃഥ്വിക്കൊപ്പം രാജന്‍ രണ്ട് പതിറ്റാണ്ടിലേറെയായുണ്ട്. മികച്ച സാരഥി എന്നതിന് പുറമെ, പൃഥ്വിയുടെ വലിയ ഫാനും സത്യസന്ധനായ വിമര്‍ശകനും കൂടിയാണ് ഇദ്ദേഹം. കൂടാതെ വളരെ കുറച്ചു മാത്രം സംസാരിക്കുകയും അപൂര്‍വമായി ചിരിക്കുകയും ചെയ്യുന്ന വ്യക്തിയുമാണദ്ദേഹം.

ഇന്ന് സ്വന്തം കാര്‍ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി കാണുമ്പോള്‍ പൃഥ്വിയും ഞാനും ആകെ ത്രില്ലടിക്കുകയാണ്. ഇനിയും അദ്ദേഹത്തിന്റെ ചെറുതും വലുതുമായ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കട്ടെ.,’ രാജന്റെ കാറിനൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് സുപ്രിയ കുറിക്കുന്നു.

Exit mobile version