കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി

പൃഥ്വിരാജ് ചിത്രം കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയതായി റിപ്പോർട്ട്. കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. അതേസമയം, അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ തിരക്കിലാണെന്നും അതുകാരണമാണ് കാപ്പയിൽ നിന്ന് മഞ്ജു പിൻമാറിയതെന്നുമാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്.

പൃഥ്വിരാജിനൊപ്പം, ആസിഫ് അലി, അന്ന ബെൻ എന്നിവരും കാപ്പയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും.

കാപ്പ സിനിമയിൽ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2021 ജൂണിൽ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമ കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. വേണുവിനെ സംവിധായകനായി തീരുമാനിച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം. പിന്നീട് ഇത് ഷാജി കൈലാസ് ഏറ്റെടുക്കുകയായിരുന്നു. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് കാപ്പയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന നോവെല്ലയാണ് ശംഖുമുഖി. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും.

ALSO READ- യാത്രക്കാർക്ക് ബാക്കിയായി നൽകാൻ സ്വന്തമായി 200, 100, 50 കറൻസികൾ അച്ചടിച്ച് തൃശ്ശൂരിലെ ഓട്ടോ ഡ്രൈവർ; പറ്റിക്കുന്നത് വൃദ്ധരേയും മദ്യപന്മാരേയും;അതിബുദ്ധി വിനയായതോടെ പിടിയിൽ

ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിൽ നിർമിക്കുന്ന ചിത്രമാണ് കാപ്പ.

Exit mobile version