ശബരിമല ദര്‍ശനം; ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തത് 319 യുവതികള്‍; കേരളത്തില്‍ നിന്ന് ഒരാള്‍ പോലുമില്ല

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമായ വിര്‍ച്വല്‍ ക്യൂ വഴി ഈ വര്‍ഷം 319 യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഒരാള്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആന്ധ്ര, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്-160 പേര്‍. തമിഴ്‌നാട്ടില്‍ നിന്ന് 139 യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് ഒന്‍പതു പേരും തെലങ്കാനയില്‍ നിന്ന് എട്ടു പേരും ഒഡിഷയില്‍ നിന്ന് മൂന്നു പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതെസമയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചുള്ള കണക്കുകളാണ് ഇവയെന്നും ഇതില്‍ പിശകുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ തന്നെ പറയുന്നു. ചിലര്‍ ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ധാരണയില്ലാതെ രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കാമെന്നും പോലീസ് പറയുന്നു.

എട്ടു ലക്ഷത്തോളം പേരാണ് ഇക്കുറി പോലീസിന്റെ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതെസമയം യുവതികളെ ഇത്തവണ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. അത് അനുസരിച്ച് പമ്പയില്‍ വച്ച് പോലീസ് യുവതികളെ മടക്കി അയക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിന് എത്തിയ 13 പേരെ പോലീസ് തിരിച്ചയച്ചിരുന്നു. ഇവര്‍ ആചാരത്തെക്കുറിച്ച് അറിയാതെ എത്തുന്നവരാണെന്നും ഇക്കാര്യം ബോധ്യപ്പെടുത്തുമ്പോള്‍ പ്രതിഷേധമൊന്നുമില്ലാതെ മടങ്ങുകയാണെന്നും പോലീസ് പറയുന്നു.

Exit mobile version