ബിപിസിഎല്‍ വില്‍ക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ;രാജ്യസ്‌നേഹം പറയുന്നവര്‍ രാജ്യത്തെ ഓരോ ദിവസവും വില്‍ക്കുന്നു ; ഹൈബി ഈഡന്‍

ന്യൂഡല്‍ഹി: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎലിനെ പോലെ ഒരു പൊതുമേഖല സ്ഥാപനം വില്‍ക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണെന്ന് എറണാകുളം എംപി ഹൈബി ഈഡന്‍. വലിയ രാജ്യസ്‌നേഹം പറയുന്നവര്‍ രാജ്യത്തെ ഓരോ ദിവസവും വില്‍ക്കുകയാണെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ സംസാരിക്കവേയാണ് ഹൈബി ഈഡന്‍ പ്രതിഷേധം അറിയിച്ചത്.

ശക്തമായ പ്രതിഷേധങ്ങള്‍ ഇതിനെതിരെ ഉണ്ടാകണമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഹൈബി ഈഡന്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നത്. എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ മുന്‍ വര്‍ഷങ്ങളില്‍ നിക്ഷേപകര്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Exit mobile version