തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം; മുല്ലപ്പള്ളിക്ക് എതിരെ വിമര്‍ശനം, എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്ന് ഹൈബി ഈഡന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി ഹൈബി ഈഡന്‍ രംഗത്ത് എത്തി. മുല്ലപ്പള്ളിയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഹൈബിയുടെ വിമര്‍ശനം.

എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്ന് ഹൈബി ഈഡന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നത്.

കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആദ്യം ആവശ്യവുമായി രംഗത്ത് വന്നത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് 41 സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. ഇതില്‍ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Exit mobile version