ജപ്തി ഭീഷണി പതിമൂന്നുകാരിയ്ക്ക് ആശ്വാസം: വായ്പാ കുടിശ്ശിക തീര്‍ത്ത് പ്രവാസി മലയാളി, പഠനം ഏറ്റെടുത്ത് ട്രസ്റ്റ്

കോഴിക്കോട്: അത്തോളിയില്‍ ഏക ആശ്രയമായ വീടിന്റെ ജപ്തിഭീഷണിയ്ക്ക് മുന്നില്‍ പകച്ചുനിന്ന പതിമൂന്നുകാരിയ്ക്ക് സുമനസ്സുകളുടെ കൈത്താങ്ങ്. കോഴിക്കോട് അത്തോളി സ്വദേശികളായ രാമകൃഷ്ണന്‍ ജിഷ ദമ്പതികളുടെ മകള്‍ ജാന്‍വി കൃഷ്ണ ജപ്തി നടപടി നേരിടുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് സുമനസ്സുകള്‍ സഹായവുമായെത്തിയത്.

രാമകൃഷ്ണന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മൂന്നു ലക്ഷം രൂപയില്‍ കുടിശ്ശികയുള്ള പലിശയടക്കം രണ്ടേമുക്കാല്‍ ലക്ഷം രൂപ തിരിച്ചു പിടിക്കാനാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.

വായ്പ കുടിശ്ശിക തീര്‍ക്കാന്‍ 2,73,110 രൂപ പ്രവാസി മലയാളിയായ മലപ്പുറം കോട്ടക്കല്‍ സ്വദേശി അടാട്ടില്‍ മുജീബ് നല്‍കിയിരുന്നു. 2015ലാണ് രാമകൃഷ്ണനും ജിഷയും കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. ഇവരുടെ വേളൂരിലെ 12 സെന്റ് സ്ഥലവും വീടും വായ്പ കുടിശ്ശികയുടെ പേരില്‍ ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്യാനൊരുങ്ങിയിരുന്നു. ഈ കുടിശ്ശികയാണ് പ്രവാസിയായ മുജീബ് ഇടപെട്ട് തീര്‍ത്തത്.

കൂടാതെ, ജാന്‍വിയുടെ പഠന ചെലവ് കോഴിക്കോട് ആസ്ഥാനമായുള്ള ട്രസ്റ്റ് 93 ഫൗണ്ടേഷന്‍ പൂര്‍ണ്ണമായി ഏറ്റെടുത്തു. അത്തോളി ഗവണ്‍മെന്റ് വിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ജാന്‍വി. എട്ടാംക്ലാസ് മുതലുള്ള മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കാനാണ് ഫൗണ്ടേഷന്റ തീരുമാനം.

അടുത്തദിവസം തന്നെ ട്രസ്റ്റ് ഭാരവാഹികള്‍ പെണ്‍കുട്ടിയുടെ അത്തോളിയിലുള്ള വീട്ടിലെത്തും. പെണ്‍കുട്ടിയുടെ തുടര്‍പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകളും ഏറ്റെടുക്കുന്നതിന് പുറമെ കൂടെ നിന്നുകൊണ്ട് തന്നെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും നല്‍കാനാണ് ട്രസ്റ്റിന്റെ തീരുമാനം.

കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന്റെ അത്തോളി ശാഖയില്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു രാമകൃഷ്ണന്. കൂലിത്തൊഴിലാളിയായ രാമകൃഷ്ണന്‍ വീട് നിര്‍മ്മാണത്തിനാണ് ഭാര്യയുടെയും ബന്ധുക്കളുടെയും ഉള്‍പ്പെടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്തത്. വീട് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കടം കയറിയതോടെ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.

രാമകൃഷ്ണന്റെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന വാര്‍ധക്യകാല പെന്‍ഷനായ 2400 രൂപ കൊണ്ടാണ് കുട്ടിയടക്കമുള്ള മൂന്നംഗകുടുംബം ഇപ്പോള്‍ കഴിയുന്നത്.

Exit mobile version