കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ആക്ടിവിസ്റ്റുകളുടേത്; കടകംപള്ളിയുടെ ആക്ടിവിസ്റ്റ് പരാമർശം അനാവശ്യം; വിമർശിച്ച് പിബി

ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിന് പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ‘ആക്ടിവിസ്റ്റ്’ പരാമർശത്തെ തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ. ആക്ടിവിസ്റ്റ് പ്രസ്താവന അനാവശ്യമായിരുന്നെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ആക്ടിവിസ്റ്റുകളുടേതാണെന്നും പിബി നിരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. ‘ആക്ടിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല’ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ പിബി പരാമർശം നടത്തിയെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

യുവതീപ്രവേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാർട്ടി നയമെന്നും ന്യൂഡൽഹിയിൽ ചേർന്ന പിബി യോഗം വ്യക്തമാക്കി. കഴിഞ്ഞ ഒരുവർഷം തുടരുന്ന നയം ശബരിമലയിൽ തുടരണമെന്നും ആരെയും ബലം പ്രയോഗിച്ച് ശബരിമല കയറ്റില്ലെന്നും പിബി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കടകംപള്ളി നടത്തിയ വിവാദ പ്രസ്താവന ഇങ്ങനെ- ‘പോലീസ് സംരക്ഷണയിൽ യുവതികളെ ശബരിമലയിലേക്കു കൊണ്ടുപോകില്ല. സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞർ പോലും രണ്ടുതട്ടിലാണു പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരു കൂട്ടർ. അതല്ല ആ വിധി നിലനിൽക്കുന്നുവെന്നു മറ്റൊരു കൂട്ടർ. സ്വാഭാവികമായും സുപ്രീം കോടതി തന്നെ അതുസംബന്ധിച്ചു വ്യക്തത നൽകേണ്ടതുണ്ട്. അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ടെന്നത് ആലോചിച്ചു തീരുമാനിക്കും. ആക്ടിവിസ്റ്റുകൾക്കു കയറി അവരുടെ ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇതെന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകൾക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല.

ചിലർ ഞങ്ങളിതാ ശബരിമലയിലേക്കു വരാൻ പോകുന്നുവെന്നു വാർത്താസമ്മേളനം നടത്തുന്നതാണു പ്രശ്‌നം. അവർക്കു തങ്ങളുടെ ശക്തിപ്രഭാവം പ്രദർശിപ്പിക്കുകയെന്നതാണു ലക്ഷ്യം. ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങൾക്കൊന്നും സർക്കാർ കൂട്ടുനിൽക്കാൻ പോകുന്നില്ല’.

Exit mobile version